റഷ്യക്ക് യു.എസ് ഉപരോധം; എണ്ണവില ഉയർന്നു, ഇന്ത്യക്കും തിരിച്ചടി
text_fieldsന്യൂഡൽഹി: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിലയിലേക്ക് എണ്ണവിലയെത്തി. റഷ്യക്ക് മേൽ യു.എസ് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ചൈനക്കും ഇന്ത്യക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 1.35 ഡോളറാണ് ഉയർന്നത്. 1.69 ശതമാനം വർധിച്ച് എണ്ണവില ബാരലിന് 81.11 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 1.40 ഡോളർ ഉയർന്ന് ബാരലിന് 77.97 ഡോളറായി. റഷ്യ എണ്ണ ഉൽപാദക കമ്പനികൾക്കും എണ്ണയുടെ വിതരണം നടത്തുന്ന 183 കപ്പലുകൾക്കുമാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില ഉയർന്നത്.
അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു. 23 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 86.27ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്കും മറ്റ് രാജ്യങ്ങളിലെ വിപണികൾ ശക്തിപ്പെട്ടതും രൂപയുടെ മൂല്യത്തെ കുറേ ദിവസങ്ങളായി സ്വാധീനിക്കുന്നുണ്ട്.
യു.എസ് ജോബ് ഡാറ്റയിൽ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടായതും ഫെഡറൽ റിസർവ് ഈ വർഷം വൻതോതിൽ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയില്ലെന്ന പ്രവചനങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി.
കഴിഞ്ഞ മാസം യു.എസിൽ 2,56,000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ, 1.60 ലക്ഷം തൊഴിലുകൾ മാത്രമേ യു.എസിൽ സൃഷ്ടിക്കപ്പെടു എന്നതായിരുന്നു റോയിട്ടേഴ്സ് പ്രവചനം. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്. ഇതൊക്കെ ഡോളർ കരുത്താർജിക്കുന്നതിനുള്ള കാരണമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.