ഓണം സ്വർണ വിൽപന 4200 കോടിയിലേക്ക്
text_fieldsകൊച്ചി: സംസ്ഥാനത്ത് ഇത്തവണ ഓണസീസണിലെ സ്വർണ വിൽപന 4200 കോടി രൂപയിലേക്ക്. ഓണം കഴിഞ്ഞും വ്യാപാരം പൊടിപൊടിക്കുന്നതിൽ വിൽപനയുടെ തോത് ഇനിയും ഉയരുമെന്നാണ് സൂചന. കഴിഞ്ഞവർഷം ഓണക്കാലത്ത് 3000-3500 കോടിയുടെ കച്ചവടമാണുണ്ടായത്. ഇത്തവണ ഇത് 4000-4200 കോടിയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തെ മാത്രം ഏകദേശ കണക്കാണിത്. കടകളിൽ ഇപ്പോഴും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിൽപന 6000 കോടിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത 10,649 സ്വർണ വ്യാപാരികൾ സംസ്ഥാനത്തുള്ളതായാണ് കണക്ക്. രജിസ്ട്രേഷനില്ലാത്ത ആയിരത്തോളം ചെറുകിട കച്ചവടക്കാർ വേറെയും. സാധാരണ 500 മുതൽ 600 കിലോ വരെ സ്വർണമാണ് ഒരു ദിവസം സംസ്ഥാനത്ത് വിറ്റഴിക്കാറുള്ളത്. ഓണക്കാലത്ത് ഇത് 800 കിലോ ആയി ഉയരുമെന്നാണ് പൊതുവെയുള്ള കണക്ക്. ചിങ്ങമാസത്തിലെ വിവാഹ സീസണും വില കുറഞ്ഞുനിന്നതും വിൽപന ഉയരാൻ കാരണമായി. സംസ്ഥാനത്ത് ഒരു വർഷം നടക്കുന്ന മൊത്തം സ്വർണ വിൽപനയുടെ 15 ശതമാനവും ഓണക്കാലത്താണ്.
സ്വർണവ്യാപാര സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഇത്തവണ ‘ഓണം സ്വർണോത്സവം’ സംഘടിപ്പിച്ചിരുന്നു. എല്ലാ വൻകിട, ചെറുകിട, ഇടത്തരം വ്യാപാരികളും ഇതിൽ പങ്കാളികളായി. കൂടുതൽ സ്വർണം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.