ഓണം വില്പന; സര്‍വകാല റെക്കോഡുമായി മില്‍മ
text_fieldsതിരുവനന്തപുരം: പാല്, പാലുൽപന്നങ്ങള് എന്നിവയുടെ വില്പനയില് സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ആഗസ്റ്റ് 25 വെള്ളിയാഴ്ചമുതല്‍ ആഗസ്റ്റ് 28 ഉത്രാടം ദിനമായ തിങ്കളാഴ്ചവരെയുള്ള കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ കൊല്ലം 94.56 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റത്.
ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം പാല്വില്പന നടന്നത്; 18.59 ലക്ഷം ലിറ്റർ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി. ഓഫിസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷം ഈ ദിവസമായിരുന്നു. തൈരിന്റെ വില്പനയില് 16 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12.99 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ വിറ്റഴിച്ചത്. 743 ടണ്‍ നെയ്യും വിറ്റു.
ഓണവിപണി മുന്നില്‍കണ്ട് നേരത്തേതന്നെ പാല് ലഭ്യത മില്‍മ ഉറപ്പുവരുത്തിയിരുന്നു. ഓണസമയത്ത് ഒരുകോടി ലിറ്റര്‍ പാല് അധികമായി സംഭരിക്കാന്‍ മില്‍മക്ക് കഴിഞ്ഞു. കോവിഡ് ഭീതി പൂര്‍ണമായും മാറിയ സാഹചര്യത്തില്‍ ഓണക്കാലത്ത് പാലിന്റെയും പാലുല്പന്നങ്ങളുടെയും ആവശ്യകത ഏറുമെന്ന് മുന്‍കൂട്ടി കണ്ടാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.