ഉത്തരവ് വന്നിട്ട് ഒന്നര മാസം എങ്ങുമെത്താതെ ജി.എസ്.ടി പുനഃസംഘടന
text_fieldsതൃശൂർ: പുനഃസംഘടന ഉത്തരവ് ഇറങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ (ജി.എസ്.ടി) അനങ്ങാപ്പാറ നയം. ഖജനാവ് കാലിയായ കേരളത്തിന് നികുതി വരുമാനം വർധിപ്പിക്കുന്നതിന് സ്വീകരിച്ച പരിഷ്കാരം ഇതുവരെ തുടക്കം കുറിക്കാനായില്ല. പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച 24 ഡെപ്യൂട്ടി കമീഷണർ, സ്റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികകളിൽ നിയമനം നടത്തിയിട്ടില്ല. ഇതനുസരിച്ചു ഇതര തസ്തികകളിൽ വരുന്ന ഒഴിവ് നികത്തുന്നതിനുള്ള നടപടികളും തുടങ്ങാനായിട്ടില്ല. ഇത്തരം നിയമനം നടത്തുന്നതിന് ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ഇതുവരെ കൂടിയിട്ടുമില്ല. ആഗസ്റ്റ് 15നകം പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ നിർദേശിച്ചെങ്കിലും എല്ലാം ചുവപ്പുനാടയിലാണ്. അതേസമയം കാര്യക്ഷമമായ ഇടപെടൽ നടത്താതെ സർക്കാറും മുടന്തുകയാണ്.
പുതിയ ഓഫിസുകളുടെ കരട് പ്രസിദ്ധീകരിച്ചെങ്കിലും അന്തിമ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. അതിനിടെ സംസ്ഥാന ജി.എസ്.ടി കമീഷണർ ഡോ. രത്തൻ യു. ഖേൽക്കറെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറിയാക്കി മാറ്റിയതും നടപടികൾ ഇഴയാൻ കാരണമാണ്. പുതിയ കമീഷണർ ഇന്റർ കേഡര് ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചുവരുന്ന പാട്ടിൽ അജിത്ത് ഭഗവത് റാവു ചുമതലയേറ്റതിന് ശേഷമേ തുടർ നടപടികൾക്ക് ജീവൻ വെക്കുകയുള്ളൂ.
ജോയന്റ് കമീഷണർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് പുനഃസംഘടന എന്ന് ആരോപണവും വകുപ്പിൽ ശക്തമാണ്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഓൺലൈൻ പഠന ക്ലാസും പരീക്ഷയും ജോയന്റ് കമീഷണർമാർ ബഹിഷ്കരിച്ചിരുന്നു. ഇവർക്കായി ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് വീണ്ടും പരീക്ഷ നടത്തിയെങ്കിലും ഇനിയും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷ നടത്തിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപിണക്കം തുടരുകയുമാണ്.
അതേസമയം പുതുതായി വേണ്ട 335 ഓഫിസുകൾ എവിടെ എങ്ങനെ വിന്യസിക്കണമെന്ന് റിപ്പോർട്ട് സമർപ്പിക്കുവാൻ ജോയന്റ് കമീഷണർമാരെ ചുമതലപ്പെടുത്തിയിരുന്നു. പല ജില്ലകളിലും ചർച്ചകൾ ഇല്ലാതെ ഏകപക്ഷീയമായി ഓഫിസുകൾ നിർണയിച്ചതും അന്തിമ റിപ്പോർട്ട് വൈകാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.