തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്. റേറ്റിങ് ഏജൻസിയായ ക്രിസലാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്. വിതരണത്തിലുണ്ടാവുന്ന കുറവ് മൂലം ഉള്ളിവില കിലോ ഗ്രാമിന് 70 രൂപയിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്.
ഉള്ളിയുടെ വിതരണത്തിലേയും ആവശ്യകതയിലെയും അന്തരം ആഗസ്റ്റ് അവസാനത്തോടെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. സെപ്റ്റംബർ ആദ്യത്തോടെ റീടെയിൽ വിപണിയിൽ ഉള്ളി വില 70 രൂപയിലേക്ക് ഉയരുമെന്നാണ് പ്രവചനം. എങ്കിലും 2020ലെ വിലയിലേക്ക് ഉള്ളിയെത്തില്ലെന്നും ക്രിസൽ പ്രവചിക്കുന്നു.
ഫെബ്രുവരിയിൽ വൻ വിൽപന മൂലം സ്റ്റോർ ചെയ്യുന്ന ഉള്ളിയുടെ അളവിൽ കുറവുണ്ടായിട്ടുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ വില വൻതോതിൽ കുറഞ്ഞതോടെ കർഷകർ വലിയ രീതിയിൽ ഉള്ളി വിറ്റഴിക്കുകയായിരുന്നു.ഇതുമൂലമാണ് സ്റ്റോർ ചെയ്തുവെച്ച ഉള്ളിയുടെ അളവിൽ കുറവുണ്ടായത്.
ഇത് സെപ്റ്റംബറിൽ ഉള്ളിവില ഉയരുന്നതിന് കാരണമായേക്കുമെന്നാണ് പ്രവചനം. ഇതിനൊപ്പം ഖാരിഫ് കാലത്ത് ഉള്ളി ഉൽപാദനത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതും ഉള്ളിവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.