'കേന്ദ്രം ചുമത്തിയ ന്യായമല്ലാത്ത സർചാർജും സെസും കുറക്കണം'
text_fieldsതിരുവനന്തപുരം: ഇന്ധനനികുതി കുറക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.
പ്രധാനമന്ത്രിയെപോലെ ഒരാൾ പ്രധാനപ്പെട്ട യോഗത്തിൽ ഇങ്ങനെ രാഷ്ട്രീയം പറയരുത്. കേന്ദ്രം പിരിക്കുന്ന നികുതിയിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് പങ്കുവെക്കുന്നില്ല. കേന്ദ്രം ചുമത്തിയിരിക്കുന്ന ന്യായമല്ലാത്ത സർചാർജും സെസും കുറക്കണമെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂട്ടാത്ത നികുതി എങ്ങനെയാണ് കുറക്കുക. കേരളം നികുതി കുറച്ചില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കും. കേന്ദ്രം സംസ്ഥാന നികുതിയിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നത്. സെസും സർചാർജും ഫെഡറൽ സംവിധാനത്തിനുവിരുദ്ധമാണ്. സെസും സർചാർജുമായി പിരിക്കുന്നത് പങ്കുവെക്കുന്നില്ല. കേന്ദ്രംതന്നെ എടുക്കുകയാണ്. ഇതു കുറച്ചാൽതന്നെ വില കുറയുമെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
നികുതി കുറച്ച സംസ്ഥാനങ്ങൾ മറ്റു വരുമാന മാർഗങ്ങളുള്ളവരാണ്. പെട്രോളിയം ഉൽപന്നങ്ങളിൽ സെസും സർചാർജും പിരിക്കാൻ കേന്ദ്രത്തിന് അർഹതയില്ല. ബന്ധപ്പെട്ട വേദികളിൽ പ്രതിഷേധം അറിയിക്കും. നമുക്ക് പിരിക്കാൻ പൂർണമായ അവകാശമുള്ളിടത്ത് വന്ന് കേന്ദ്രം സെസ് പിരിക്കാൻ പാടില്ല. സാമ്പത്തിക അവകാശങ്ങളില്ലെങ്കിൽ സംസ്ഥാനങ്ങൾ എങ്ങനെ മുന്നോട്ടു പോകുമെന്നും മന്ത്രി ചോദിച്ചു.
പെട്രോളിനും ഡീസലിനും സബ്സിഡി നൽകാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പശ്ചിമ ബംഗാൾ സർക്കാർ 1,500 കോടി ചെലവഴിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മൂന്ന് വർഷമായി ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും ഒരു രൂപവീതം സബ്സിഡി നൽകുന്നതായും മമത പറഞ്ഞു.
38.3 ശതമാനം നേരിട്ടുള്ള നികുതിയും 15 ശതമാനം ജി.എസ്.ടിയും കേന്ദ്രത്തിന് നൽകിയിട്ടും മഹാരാഷ്ട്രയോട് ചിറ്റമ്മനയമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോപിച്ചു. നികുതിയിനത്തിൽ 26,500 കോടി കേന്ദ്രം നൽകാനുണ്ട്. സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ ഗുജറാത്തിനോട് കാണിക്കുന്ന ആവേശം കേന്ദ്രം മഹാരാഷ്ട്രയോട് കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസംസ്കൃത എണ്ണ വില കുറയുമ്പോഴും തീരുവ കുറക്കാതെ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുന്നത് നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് റാശിദ് ആൽവി കുറ്റപ്പെടുത്തി. അസംസ്കൃത എണ്ണയിൽ നിന്ന് കേന്ദ്രത്തിന് അഞ്ച് ലക്ഷം കോടി ലഭിക്കുന്ന കാര്യം പ്രധാനമന്ത്രി മറച്ചുവെക്കുകയാണെന്നും ആൽവി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.