പൊതുമേഖല സ്ഥാപനങ്ങളിൽ ഇനി സ്വാഭാവിക സ്ഥാനക്കയറ്റമില്ല -പി. രാജീവ്
text_fieldsകൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജീരിയൽ തസ്തികകളിൽ ഇനി സ്വാഭാവിക സ്ഥാനക്കയറ്റം നൽകില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഓരോ തസ്തികയിലേക്കും തെരഞ്ഞെടുപ്പിന് പ്രത്യേക നടപടികൾ വരും. യോഗ്യത നിർണയിക്കാൻ ഓരോ പോസ്റ്റിനും അനുയോജ്യമായ നിബന്ധനകൾ നടപ്പാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് നിയമിച്ച പോൾ ആന്റണി കമ്മിറ്റിയുടെ നിർദേശങ്ങൾ രണ്ടുമാസത്തിനകം നടപ്പാക്കിത്തുടങ്ങും. കൂടുതൽ സ്വയംഭരണാധികാരം ഓരോ സ്ഥാപനത്തിനും നൽകും. മൊത്തം പൊതുമേഖല സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി പ്രത്യേക ബോർഡ് രൂപവത്കരിക്കും. പി.എസ്.സിയുടേത് ഒഴിച്ച് ഓരോ സ്ഥാപനവും സ്വന്തമായി നടത്തുന്ന നിയമനങ്ങൾ ഒഴിവാക്കി എല്ലാം ബോർഡ് വഴിയാക്കും. ഈ സാമ്പത്തിക വർഷത്തിൽതന്നെ നിയമന ബോർഡ് രൂപവത്കരിക്കും.
ഓരോ സ്ഥാപനത്തിനും പ്രവർത്തന മൂലധനം കണ്ടെത്താൻ സപ്ലൈ ഓർഡർ അടിസ്ഥാനമാക്കി വായ്പ കേരള ബാങ്കിലൂടെ ലഭ്യമാക്കും. ഓരോ സാമ്പത്തിക വർഷത്തിനുംശേഷം അടുത്ത ജൂൺ 17നുമുമ്പ് ഓരോ പൊതുമേഖല സ്ഥാപനവും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം.
ഇക്കൊല്ലം നാല് കമ്പനികൾ ഒഴികെയുള്ളതെല്ലാം ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിയാബിന്റെ ചുമതലയില്‍ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് കൊച്ചിയില്‍ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 18 സെക്ടറല്‍ എക്സ്പെര്‍ട്ടുകളെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റിയാബ് ചെയര്മാന് ഡോ. ആര്. അശോക്, റിയാബ് സെക്രട്ടറി കെ. പത്മകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.