പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉൽപന്നങ്ങളുമായി ‘പാക് വെൽ’ സൗദി വിപണിയിൽ
text_fieldsറിയാദ്: ജീപ്പാസ്, നെസ്റ്റോ ഉൾപ്പെടെ നിരവധി പ്രശസ്ത ബാൻഡുകളുടെ ഉടമകളായ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡായ ‘പാക് വെൽ’ സൗദി വിപണിയിലേക്ക്. ഫുഡ് പാക്കേജിങ് ഉൽപന്നങ്ങൾ നിർമിക്കുന്ന പാക് വെൽ റിയാദ് കേന്ദ്രീകരിച്ച് നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിച്ചെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിന്റെ പുതിയ ഡിവിഷനായി ‘പാക് വെൽ ഡിസ്പോസബിൾ ഫുഡ് പാക്കേജിങ്’ എന്ന പേരിൽ ദുബൈയിലാണ് ആദ്യം ഉൽപാദനവും വിതരണവും ആരംഭിച്ചത്.
രാജ്യത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ മുന്നിൽകണ്ട് ലോകോത്തര നിലവാരമുള്ള പ്ലാസ്റ്റിക്, അലുമിനിയം, പേപ്പർ തുടങ്ങിയവകൊണ്ട് നിർമിക്കുന്ന 3,000ത്തിലധികം പാക്കേജിങ് ഉൽപന്നങ്ങൾ സൗദി വിപണിയിൽ ലഭ്യമാക്കും. ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമല്ലാത്ത പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യം.
ഭക്ഷണത്തോടൊപ്പം ഉള്ളിൽ പോയാലും ദോഷകരമല്ലാത്തതും മണ്ണിൽ ദ്രവിച്ചുപോകുന്നതുമായ കരിമ്പിൻ ചണ്ടി കൊണ്ടുള്ള പാക്കേജിങ് ഉൽപന്നങ്ങൾ നിർമിക്കാനും പടിപടിയായി പരിസ്ഥിതി സൗഹൃദമല്ലാത്തവ വിപണിയിൽനിന്ന് ഒഴിവാക്കാനും വിപുലമായ പദ്ധതിയാണ് കമ്പനിക്കുള്ളതെന്നും മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സൗദി അറേബ്യയിൽ നിലവിൽ റിയാദിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിദഗ്ധരും പരിചയസമ്പന്നരുമായ ഓപറേഷൻ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് വിൽപന ആരംഭിച്ചത്. 2024ൽ ദമ്മാം, ജിദ്ദ തുടങ്ങിയ മറ്റ് പ്രവിശ്യകളിൽ ബ്രാഞ്ചുകളും 50ഓളം റീട്ടെയിൽ ഔട്ട്ലെറ്റുകളും തുറന്നു പ്രവർത്തിക്കും. ഇതോടെ വിവിധയിനം ഉൽപന്നങ്ങൾ നിർമിച്ച് നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കാനാവും. സൗദി അറേബ്യയുടെ നിക്ഷേപ സൗഹൃദ കാഴ്ചപ്പാടും വിവിധ മന്ത്രാലയങ്ങൾ നൽകുന്ന പിന്തുണയും മുന്നോട്ടുള്ള യാത്രക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് മാത്യു ഉമ്മൻ, റീജനൽ മാനേജർ പി.ടി. അൻവർ, എച്ച്.ആർ മാനേജർ സൻജിത് ഖാൻ, ജനറൽ മാനേജർ അഷ്റഫ് ചെളിങ്ങാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.