പാർലമെൻറ് സമിതി വിളിപ്പിച്ചു; വരാൻ പറ്റില്ലെന്ന് ആഗോള ഓൺലൈൻ വ്യാപാര കമ്പനി
text_fieldsന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യ ഡാറ്റ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ആരായാൻ പാർലമെൻറിെൻറ സംയുക്ത സമിതി വിളിപ്പിച്ചപ്പോൾ വരാൻ പറ്റില്ലെന്ന് ആഗോള ഓൺലൈൻ വ്യാപാരികളായ ആമസോൺ. ഈ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരെല്ലാം വിദേശത്താണ്, കോവിഡ് കാലമായതിനാൽ യാത്ര ചെയ്യുന്നതിൽ അപകടമുണ്ട് തുടങ്ങിയ വിശദീകരണങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്.
ഈ മാസം 28ന് ചേരുന്ന പാർലമെൻറ് സമിതി യോഗത്തിന് എത്താനാണ് നിർദേശിച്ചിരുന്നത്. ഉത്തരവാദപ്പെട്ട ആരും വന്നില്ലെങ്കിൽ, പാർലമെൻറിെൻറ അവകാശങ്ങളിന്മേലുള്ള ലംഘനമായി കണക്കാക്കാനും വിളിച്ചുവരുത്തുന്നതിന് നിർബന്ധപൂർവമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനുമാണ് സമിതിയുടെ തീരുമാനം.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമങ്ങളും വൻകിട കമ്പനികളും ഇന്ത്യയുടെ ഡാറ്റ സംരക്ഷണ മുൻകരുതൽ നടപടികൾ അനുസരിക്കാൻ മടിക്കുന്നു, വ്യക്തിഗത വിവരങ്ങൾ ഉദാസീനമായി കൈകാര്യം ചെയ്യുന്നു തുടങ്ങിയ ഉത്കണ്ഠകൾ നിലനിൽക്കെയാണ് പുതിയ സംഭവവികാസം.
രാഷ്ട്രീയത്തിന് അതീതമായി പാർലമെൻറിെൻറ ഇരുസഭകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി അധ്യക്ഷയായ സംയുക്ത സമിതി. കഴിഞ്ഞവർഷം പാർലമെൻറ് പാസാക്കിയ ഡാറ്റ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട ഉത്കണ്ഠകളാണ് സമിതി ചർച്ചചെയ്യുന്നത്.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ആമസോണിനു പുറമെ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ പേ, പേ.ടി.എം എന്നിവയുടെ ഉത്തരവാദപ്പെട്ടവരെയും സമിതി വിളിച്ചിട്ടുണ്ട്. അതനുസരിച്ച് േഫസ്ബുക്ക് ഇന്ത്യ പൊതുനയ വിഭാഗം ഡയറക്ടർ അംഖിദാസ് വെള്ളിയാഴ്ച സമിതി മുമ്പാകെ ഹാജരായി. രണ്ടു മണിക്കൂറാണ് വിവിധ വിഷയങ്ങളെക്കുറിച്ച് അംഗങ്ങൾ അവരുമായി ചർച്ച ചെയ്തത്. വ്യക്തിവിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ദുരുപയോഗിക്കരുതെന്ന് അംഗങ്ങൾ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. ആമസോണിെൻറ കാര്യത്തിലെന്നപോലെ ട്വിറ്റർ പ്രതിനിധിയെയും ഈ മാസം 28ന് വിളിച്ചിട്ടുണ്ട്. ഗൂഗ്ൾ പേ, പേ. ടി.എം എന്നിവയെ തൊട്ടടുത്ത ദിവസമാണ് വിളിച്ചിട്ടുള്ളത്.
ട്വിറ്ററുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഉടക്കിയിരുന്നു. ലൊക്കേഷൻ സെറ്റിങ്സ് അനുസരിച്ച് ജമ്മു-കശ്മീരിനോടു ചേർന്ന ലേ ചൈനയുടെ ഭൂവിഭാഗമെന്ന നിലയിലാണ് ട്വിറ്റർ കാണിച്ചിട്ടുള്ളത്. ഇത് രാജ്യത്തിെൻറ പരമാധികാരത്തെ അനാദരിക്കുന്നതാണെന്ന് കഴിഞ്ഞദിവസം സർക്കാർ എഴുതിയ കത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.