കറുത്ത പൊന്നിന്റെ വിളവെടുപ്പിന് തുടക്കമായി
text_fieldsകാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ ഹൈറേഞ്ചിലെ കുരുമുളകുകൊടികളിൽ മുളകുമണികൾ മൂത്ത് വിളയുന്നു. ഇടുക്കി ജില്ലയിൽ അടിമാലിയിൽനിന്നുള്ള മുളകാണ് ആദ്യം വിൽപനക്കിറങ്ങുന്നത്. പതിവിലും അൽപം നേരത്തേ ഇക്കുറി ചരക്ക് വിപണികളിലെത്തുമെന്ന നിഗമനത്തിലാണ് വ്യാപാര മേഖല. മാസാവസാനം മറ്റു ഭാഗങ്ങളിലും വിളവെടുപ്പിന് തുടക്കംകുറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. കുരുമുളക് വില ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ വിളവെടുപ്പിനും സംസ്കരണത്തിനും ആവേശം കൂടും.
ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻതോതിൽ കുരുമുളക് ആവശ്യമുള്ളതിനാൽ സീസൺ ആരംഭത്തിൽ തന്നെ അവർ രംഗത്ത് സജീവമാകും. കാലവർഷം ദുർബലമായത് കുരുമുളക് ഉൽപാദനത്തെ ബാധിച്ചു. രൂക്ഷമായ വരൾച്ചയിൽ വയനാട്ടിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ. അൺ ഗാർബിൾഡ് കുരുമുളക് ക്വിൻറലിന് 59,000 രൂപയായി.
പ്രമുഖ ലേലകേന്ദ്രങ്ങളിലെ ഏലക്ക പ്രവാഹം വിലക്കയറ്റത്തിന് തടസ്സമായി. നേരത്തേ ലേലംകൊണ്ട ചരക്ക് റീപുള്ളിങ്ങിന് ഇറക്കുന്നത് വിലയെ ബാധിച്ചു. സീസൺ അവസാനഘട്ടത്തിലേക്കു നീങ്ങുന്നതിനാൽ കർഷകർ ഏലക്ക നീക്കം നിയന്ത്രിച്ചാൽ നിരക്ക് ഉയർത്താനാവും. അറബ് രാജ്യങ്ങളിൽനിന്നും ആഭ്യന്തര വ്യവസായികളിൽനിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. ഈസ്റ്റർ കാലയളവിലെ ആവശ്യങ്ങൾക്ക് യൂറോപ്പിൽ നിന്നും ആവശ്യക്കാരുണ്ട്. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 1621 രൂപയിലും മികച്ചയിനങ്ങൾ 2018 രൂപയിലുമാണ്.
കനത്ത മഴയിൽ തായ്ലൻഡിൽ റബർ ടാപ്പിങ് സ്തംഭിപ്പിച്ചത് ഏഷ്യൻ മാർക്കറ്റുകളിൽ ഷീറ്റ് വില ഉയർത്തി. റബർ ഉൽപാദനം തടസ്സപ്പെട്ടതോടെ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ വില കിലോ 155 രൂപയായി ഉയർന്നു. പുതിയ സാഹചര്യത്തിൽ മുഖ്യ ഉൽപാദന രാജ്യമായ തായ്ലൻഡിൽനിന്നുള്ള കയറ്റുമതി ചുരുങ്ങാം. സംസ്ഥാനത്ത് പകൽ ചൂട് കനത്തതോടെ റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായി. ധനുമാസത്തിൽ ചൂടിന് കാഠിന്യം ഉയർന്നതിനൊപ്പം മരങ്ങളിൽനിന്നുള്ള പാൽലഭ്യത ചുരുങ്ങിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. പലരും ടാപ്പിങ് ദിനങ്ങൾ കുറച്ചത് ഷീറ്റ് ക്ഷാമത്തിന് ഇടയാക്കും. 15,500ൽ വിൽപന തുടങ്ങിയ നാലാം ഗ്രേഡ് വാരാന്ത്യം 15,800ലേക്കു കയറി, പ്രതീക്ഷക്കൊത്ത് റബർ ലഭിക്കാതെ വന്നതോടെ ടയർ ലോബി 15,900 വരെ വാഗ്ദാനം ചെയ്തെങ്കിലും വിൽപനക്കാർ കുറവായിരുന്നു.
കൊപ്ര താങ്ങുവില 300 രൂപ കൂട്ടി 11,160 രൂപയാക്കി പ്രഖ്യാപനം വന്ന് ആഴ്ച ഒന്ന് പിന്നിട്ടിട്ടും വിപണിയിൽ കാര്യമായ ചലനമില്ല. കഴിഞ്ഞ സീസണിൽ സംഭരിച്ച ഒരു ലക്ഷം ടൺ കൊപ്ര നാഫെഡിന്റെ വിവിധ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.