കുരുമുളക് വിപണി ചൂടുപിടിക്കും
text_fieldsഅന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണ രംഗത്ത് നിറഞ്ഞു നിന്നിട്ടും ഉൽപന്നം കരുത്തു നിലനിർത്താൻ കഴിഞ്ഞാഴ്ച ക്ലേശിച്ചു. വിദേശത്തുനിന്ന് നേരത്തെ താഴ്‌ന്ന വിലയ്‌ക്ക് ഇറക്കുമതി നടത്തിയ ചരക്ക് അയൽ സംസ്ഥാനങ്ങൾ വഴി കേരളത്തിൽ വിൽപനക്കെത്തിയത് മുളക് വിലയെ ബാധിക്കുകയും ചെയ്തു. അതേസമയം നാടൻ ചരക്ക് വിൽപനക്ക് ഇറക്കാൻ സംസ്ഥാനത്തെ കർഷകരും മധ്യവർത്തികളും കാര്യമായ താൽപര്യം കാണിച്ചില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് 57,900 രൂപയിൽ നിന്ന് 57,100 രൂപയായി.
പ്രതികൂല കാലാവസ്ഥ മൂലം വിയറ്റ്‌നാമിൽ ഇക്കുറി കുരുമുളക് ഉൽപാദനം കുറഞ്ഞത് ചരക്ക് ക്ഷാമം രൂക്ഷമാക്കുന്നു. ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ ചരക്ക് വിൽപനക്ക് ഇറക്കുന്ന വിയറ്റ്‌നാമിലെ സ്ഥിതി പരുങ്ങലിലായതോടെ അവരുടെ കയറ്റുമതി മേഖല ആശങ്കയിലാണ്.
ആഭ്യന്തര മാർക്കറ്റിൽ ചരക്കിന് ഡിമാൻഡ് ഉയർന്നതോടെ അവർ ഇറക്കുമതി തുടങ്ങി. ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് വിയറ്റ്‌നാം കുരുമുളകിനായി സമീപിച്ചത്. പുതിയ സാഹചര്യത്തിൽ ആ രാജ്യങ്ങൾ കൂടിയ വില ആവശ്യപ്പെടുന്നതോടെ ആഗോള വിപണി വീണ്ടും ചൂടുപിടിക്കും.
രാജ്യാന്തര റബർ വില വീണ്ടും ഉയർന്നു. റബർ ഉൽപാദനത്തിൽ നിലനിൽക്കുന്ന മാന്ദ്യം വിട്ടുമാറാൻ കാലതാമസം നേരിടുമെന്ന സൂചനകളാണ് മുഖ്യ കയറ്റുമതി രാജ്യങ്ങളിൽനിന്ന് പുറത്തുവന്നത്. ഇതിനിടയിൽ ക്രൂഡ് ഓയിൽ വിലയിലെ ഉണർവും അവസരമാക്കി നിക്ഷേപകർ പ്രമുഖ അവധി വ്യാപാര രംഗത്ത് പിടിമുറുക്കി. ജപ്പാൻ, ചൈന, സിംഗപ്പൂർ മാർക്കറ്റുകളിൽ റബർവില ഒന്നര മാസത്തെ ഉയർന്ന തലത്തിലേക്ക് ചുവടുവെച്ചത് തായ്‌ലൻഡ് അടക്കമുള്ള റബർ കയറ്റുമതി രാജ്യങ്ങളിലും ആവേശമുളവാക്കി. എന്നാൽ ഇന്ത്യൻ ടയർ നിർമാതാക്കൾ ആഭ്യന്തര ഷീറ്റ് വില ഉയർത്താൻ തയാറായില്ല. വാരാന്ത്യം ആർ.എസ്.എസ് നാലാം ഗ്രേഡ് 18,100 ലും അഞ്ചാം ഗ്രേഡ് 17,900 ലും വ്യാപാരം നടന്നു.
വരൾച്ചക്കിടയിൽ ഏലത്തോട്ടങ്ങൾ പലതും കരിഞ്ഞുണങ്ങിയത് ഉൽപാദകർക്ക് കനത്ത തിരിച്ചടിയായി. നിലവിലെ സാഹചര്യം വിലയിരുത്തിയാൽ അടുത്ത ഏലം സീസണിന് തുടക്കം കുറിക്കാൻ കാലതാമസം നേരിടാം. ചരക്ക് ക്ഷാമം മുന്നിൽക്കണ്ട് ഏലം ശേഖരിക്കാൻ വാങ്ങലുകാർ മത്സരിച്ചെങ്കിലും ഉൽപന്ന വില കാര്യമായി ഉയർത്താൻ പല അവസരത്തിലും ഇടപാടുകാർ തയാറായില്ല. വാരാവസാനം മികച്ചയിനങ്ങൾ കിലോ 2853 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1984 ലുമാണ്.
ഉത്തരേന്ത്യൻ കറിമസാല വ്യവസായികളും ഔഷധ നിർമാതാക്കളും ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ രംഗത്തിറങ്ങി. വ്യവസായികളുടെ വരവ് വിപണിയിൽ ഉണർവ് ഉളവാക്കിയെങ്കിലും അവർ നിരക്ക് ഉയർത്തിയില്ല. കാലവർഷത്തിന് തുടക്കം കുറിക്കും മുന്നേ സംഭരണം പൂർത്തിയാക്കിയാൽ ഉണക്കം കൂടിയ ജാതിക്ക കരുതൽ ശേഖരത്തിലേക്ക് നീക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. അറബ് രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കാരും ചരക്ക് ശേഖരിക്കുന്നുണ്ട്; ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 450 രൂപയിലും.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം. പവൻ 52,680 രൂപയിൽ നിന്ന് 54,720 രൂപയായി ഉയർന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു. ഇതോടെ ഒരു ഗ്രാമിന് വില 6840 രൂപയായി. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 2415 ഡോളർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.