'ലക്കി ബിൽ' ആപിൽ ബില്ലുകൾ അപ്ലോഡ് ചെയ്യുന്നവർക്ക് അഞ്ച് കോടിയുടെ സമ്മാനം
text_fieldsതിരുവനന്തപുരം: 'ലക്കി ബിൽ' മൊബൈൽ ആപിൽ കാഷ് ബില്ലുകൾ അപ്ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പ്രതിവർഷം അഞ്ചുകോടിയുടെ സമ്മാനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആപിലൂടെ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് ദിവസവും ആഴ്ചതോറും മാസംതോറും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. ഇതോടൊപ്പം ബംപർ സമ്മാനങ്ങളും ഉണ്ടാകും. കുടുംബശ്രീ, വനശ്രീ എന്നിവ നൽകുന്ന ഗിഫ്റ്റ് പാക്കറ്റും കെ.ടി.ഡി.സിയുടെ യാത്രാപാക്കേജും 25 ലക്ഷം വരെ കാഷ് പ്രൈസും പൊതുജനങ്ങൾക്ക് ലഭിക്കും. നികുതി ചോർച്ച തടയാനും കടകളിൽനിന്ന് കൃത്യമായി ജി.എസ്.ടി ബില്ലുകൾ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ആപ് തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. മന്ത്രി ആൻറണി രാജു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമീഷണർ ഡോ. രത്തൻ കേൽക്കർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ പങ്കെടുത്തു. കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയാണ് ആപ് തയാറാക്കിയത്. മൊബൈൽ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.