Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിപണിയുണ്ടെങ്കിൽ...

വിപണിയുണ്ടെങ്കിൽ മുതലാണ് മുയൽകൃഷി

text_fields
bookmark_border
വിപണിയുണ്ടെങ്കിൽ മുതലാണ്  മുയൽകൃഷി
cancel

മാംസോൽപാദനമേഖലയിൽ വിപണനസാധ്യതകൾ ഏറെയുള്ള സംരംഭങ്ങളിലൊന്നാണ് ബ്രോയിലർ മുയൽ വളർത്തൽ. ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച വൈറ്റ് മീറ്റ് എന്ന പെരുമയുള്ളതിനാൽ മാംസാഹാരപ്രേമികൾക്കിടയിൽ മുയലിറച്ചിക്ക് പ്രിയമേറെയുണ്ട്. മറ്റ് മാംസങ്ങളെ അപേക്ഷിച്ച് കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് കുറവായതിനാൽ ആർക്കും ആശങ്കയില്ലാതെ കഴിക്കാവുന്ന സുരക്ഷിതമായ ആഹാരമാണ് മുയലിറച്ചി.

വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ആവശ്യാനുസരണം ഇറച്ചി മുയലുകളെ ലഭ്യമാവാത്തതാണ് മുയൽ മാംസവിഭവങ്ങൾ തയാറാക്കുന്നവർ നേരിടുന്ന പ്രതിസന്ധി. ഈ പ്രതിസന്ധി ഒരവസരമായി കണ്ട് താൽപര്യമുള്ളവർക്ക് ഇറച്ചിമുയൽ കൃഷിയിൽ ഒരു കൈ നോക്കാവുന്നതാണ്. മുതൽ മുടക്കും മുമ്പേ സമീപസ്ഥലങ്ങളിൽ മുയലിറച്ചിക്ക് മുടക്കമില്ലാത്ത വിപണി കണ്ടെത്തുക എന്നതാണ് ഈ സംരംഭത്തിന്റെ വിജയത്തിൽ പ്രധാനം.

പരിപാലന മുറകൾ

കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ തൂക്കം വെക്കുന്ന ജനുസ്സുകളാണ് ഇറച്ചി മുയൽ കൃഷിക്ക് അനുയോജ്യം. വൈറ്റ് ജയൻറ്, ഗ്രേ ജയൻറ്, സോവിയറ്റ് ചിഞ്ചില്ല, ന്യൂസിലാൻറ് വൈറ്റ്, ഇവയുടെ സങ്കരയിനങ്ങൾ തുടങ്ങിയവയെല്ലാം മികച്ച മുയൽ ജനുസ്സുകളാണ്. പൂർണവളർച്ചയെത്തുമ്പോൾ ഇവക്ക് ശരാശരി 4.5 - 5 കിലോ ശരീരതൂക്കമുണ്ടാവും. പത്ത് പെൺമുയലുകൾക്ക് രണ്ട് ആൺമുയൽ എന്ന അനുപാതത്തിൽ പ്രജനനയൂനിറ്റുകളായി മുയലുകളെ വളർത്താനായി തെരഞ്ഞെടുക്കാം.

ആൺ മുയലുകളെയും പെൺ മുയലുകളെയും പ്രത്യേകം കൂടുകളിൽ പാർപ്പിക്കണം. മുയലുകൾക്ക് കൂടുതൽ ശരീരതൂക്കവും വളർച്ചയുമുണ്ടാവുക പ്രത്യേകം പ്രത്യേകം കൂടുകളിൽ പാർപ്പിക്കുമ്പോഴാണ്. മാത്രമല്ല, ആൺ മുയലുകളെ കൂട്ടമായി പാർപ്പിച്ചാൽ അവ പരസ്പരം പോരടിച്ച് പരിക്കുകളുണ്ടാക്കും.

ഇരുമ്പുവലകൊണ്ടോ തടികൊണ്ടോ മുയൽക്കൂടുകൾ പണികഴിപ്പിക്കാം. കൂടുകൾ ഒറ്റതട്ടായോ ഇരട്ടതട്ടുകളായോ ക്രമീകരിക്കാം. രണ്ടര അടി നീളവും രണ്ടടി വീതിയും ഒന്നര അടി ഉയരവുമുള്ള കൂട്ടിൽ മുതിർന്ന ഒരു മുയലിനെ പാർപ്പിക്കാം. അരയിഞ്ച് കണ്ണിയകലമുള്ള കമ്പിവലകൊണ്ടോ ഒന്നേകാൽ ഇഞ്ച് വീതിയുള്ള പട്ടികകൊണ്ടോ കൂടിന്റെ തറ തയാറാക്കാം. ഒരിഞ്ച് കമ്പിയകലമുള്ള വലകൊണ്ട് കൂടിന്റെ വശങ്ങളൊരുക്കാം. തറനിരപ്പിൽ നിന്ന് മൂന്നടിയെങ്കിലും ഉയരത്തിൽ വേണം കൂടുകൾ സ്ഥാപിക്കാൻ.

പെൺമുയലുകൾക്ക് ആറു മാസവും ആൺമുയലുകൾക്ക് എട്ടു മാസവും പ്രായമായാൽ അവയെ ഉണചേർക്കാൻ ഉപയോഗിക്കാം. ഒരു പ്രസവത്തിൽ ആറു മുതൽ എട്ടു വരെ കുഞ്ഞുങ്ങളെ കിട്ടും. ഒരു പ്രസവം കഴിഞ്ഞ് പൊതുവെ രണ്ടര - മൂന്ന് മാസത്തെ ഇടവേളയിൽ അടുത്ത പ്രസവം നടക്കും. ഈ രീതിയിൽ പത്ത് പെൺമുയലുകളുള്ള യൂനിറ്റിൽ നിന്നും വർഷം മുന്നൂറോളം കുഞ്ഞുങ്ങളെ കിട്ടും. ഒരേ ജനുസ്സിലെ മികച്ച വളർച്ചയുള്ള മുയലുകളെ ഇണചേർപ്പിക്കുന്നതിനൊപ്പം തന്നെ വിവിധ ജനുസ്സുകളിലെ മികച്ച ഇനങ്ങളെ ഉപയോഗപ്പെടുത്തി സങ്കരപ്രജനനവും ഫാമിൽ സ്വീകരിക്കാവുന്നതാണ്. കൂടുതൽ തൂക്കമുള്ള കുഞ്ഞുങ്ങളെ കിട്ടാൻ ശാസ്ത്രീയ സങ്കരപ്രജനനം സഹായിക്കും.

തടയാം മുയൽരോഗങ്ങൾ

മുയൽകൃഷി സംരംഭങ്ങളിൽ ഏറ്റവും വെല്ലുവിളിയുയർത്തുന്ന മൂന്ന് രോഗങ്ങളാണ് കോക്സീഡിയോസിസും പാസ്ചറിലോസിസും (കുരലടപ്പൻ) മണ്ഡരിബാധയും. മുയലുകളുടെ കരളുകളെ പ്രധാനമായും ബാധിക്കുന്ന കോക്സീഡിയ രോഗത്തിന് കാരണമാവുന്നത് പ്രോട്ടോസോവ അണുക്കളാണെങ്കിൽ ബാക്റ്റീരിയകളാണ് ശ്വാസകോശത്തെ ബാധിക്കുന്ന കുരലടപ്പന് കാരണം. മുയലുകളുടെ മേനിയെ കാർന്നുതിന്ന് പടരുന്ന മേഞ്ച് എന്ന അണുക്കളാണ് മണ്ഡരിബാധക്ക് കാരണമാവുന്നത്.

ശ്രദ്ധിച്ചില്ലെങ്കിൽ മുയൽ വളർത്തൽ സംരംഭത്തിൽ വലിയ സാമ്പത്തികനഷ്ടം വരുത്തിവെക്കാൻ ഈ രോഗങ്ങൾക്ക് ശേഷിയുണ്ട്. വൃത്തിഹീനമായ കൂടും ഉയര്‍ന്ന ഈര്‍പ്പമുള്ള കാലാവസ്ഥയും മുയലുകളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നതും പോഷകാഹാരക്കുറവും രോഗസാധ്യത കൂട്ടും. കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. മുയൽ ഷെഡ്ഡിന്റെ വാതിലിനു പുറത്ത് ഫൂട്ട് ഡിപ്പിങ് ടാങ്ക് പണികഴിപ്പിക്കുകയും പൊട്ടാസ്യം പെർമാംഗനേറ്റ് പോലുള്ള അണുനാശിനികൾ നിറയ്ക്കുകയും അതിൽ ചവിട്ടി മാത്രം അകത്തേക്ക് പ്രവേശിക്കുകയും വേണം. ആഴ്ചയിൽ ഒരിക്കൽ മുയൽ കൂടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് അല്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കൂടുകൾ വയർ മെഷ് കൊണ്ടാവുന്നതാണ് ഏറ്റവും നല്ലത്. കാഷ്ടവും മൂത്രവും കെട്ടിക്കിടക്കാതെ കൃത്യമായ ഇടവേളകളിൽ കൂട്ടിൽനിന്ന് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം.

തീറ്റയെ എളുപ്പം മാംസമാക്കും; 16 ആഴ്ചകൊണ്ട് വിപണിയിലെത്തിക്കാം

മുയലിന്റെ പ്രധാന തീറ്റ നാരുകളങ്ങിയ പുല്ലും പച്ചിലകളുമാണ്. പറമ്പിൽ വളരുന്ന പുല്ലുകൾക്കും ഇലകൾക്കും പുറമെ, ഹൈബ്രിഡ് നേപ്പിയർ, കോംഗോ സിഗ്നൽ തുടങ്ങിയ മികച്ചയിനം തീറ്റപ്പുൽ ഇനങ്ങൾ നട്ടുപിടിപ്പിച്ചാൽ മുയലിന് സമൃദ്ധമായി പുൽതീറ്റ നൽകാം. മുരിക്ക്, മുരിങ്ങ, അഗത്തി, മൾബറി, വാഴയില, കാബേജ് ഇല, വിവിധ പയർചെടികൾ, അസോള ഇവയെല്ലാം മുയലിന് നൽകാവുന്ന മികച്ച ഇലത്തീറ്റകളാണ്.

നല്ല വളർച്ച ഉറപ്പാക്കാൻ വിവിധ പയറുകളും പിണ്ണാക്കുകളും ധാന്യപ്പൊടികളും തവിടുകളും ചേർത്ത് സാന്ദ്രീകൃതാഹാരം തയാറാക്കി നൽകണം. കുറഞ്ഞ അളവിൽ ഉപ്പും മറ്റ് ധാതുമിശ്രിതങ്ങളും ഇതിൽ ഉൾപ്പെടുത്തണം. ഇതുകൂടാതെ, മുയലുകൾക്ക് നൽകാവുന്ന പെല്ലറ്റ് തീറ്റകൾ വിപണിയിൽ ലഭ്യമാണ്. മുതിർന്ന ഒരു മുയലിന് ദിവസം 125 -150 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ ആവശ്യമാണ്. കൂടാതെ, പുല്ലും മറ്റ് ഇലത്തീറ്റകളും ആവശ്യാനുസരണം നൽകണം. രാവിലെ പുല്ലും പച്ചിലകളും വൈകീട്ട് സാന്ദ്രീകൃതാഹാരവും ഉൾപ്പെടെ ദിവസം രണ്ട് നേരമാണ് മുയലുകൾക്ക് പ്രധാനമായും തീറ്റ നൽകേണ്ടത്. എന്നാൽ 24 മണിക്കൂറും മുയലുകൾക്ക് കുടിവെള്ളം ഉറപ്പാക്കണം.

കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് കരൾ ഉത്തേജന മരുന്നുകൾ നൽകുന്നതും തീറ്റയിൽ സ്ഥിരമായി ധാതുജീവക മിശ്രിതങ്ങൾ ഉൾപ്പെടുത്തുന്നതും ദഹനത്തെ സഹായിക്കുന്ന മിത്രാണു മിശ്രിതമായ പ്രോബാട്ടിക്കുകൾ തീറ്റയിൽ ഉൾപ്പെടുത്തുന്നതും ഫലപ്രദമാണ്. നൽകുന്ന തീറ്റയെ മാംസമാക്കി മാറ്റുന്നതിൽ ഏറെ മികവുള്ളവയാണ് മുയലുകൾ. 16 ആഴ്ചകൾ കൊണ്ട് ശരാശരി രണ്ടര കിലോഗ്രാം വരെ ശരീരതൂക്കത്തിലെത്താൻ മികച്ച ഇറച്ചി മുയലുകൾക്ക് കഴിയും. ഈ തൂക്കം കൈവരിക്കുമ്പോൾ മാംസവിപണിയിൽ എത്തിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarketRabbit
News Summary - Rabbit-Farm-Market
Next Story