മൊറട്ടോറിയം അവസാനിക്കുന്നു; തിരിച്ചടവിന് സമ്മർദം ചെലുത്തി ബാങ്കുകൾ
text_fieldsതൃശൂർ: കോവിഡ് 19 വ്യാപനവും ലോക് ഡൗണും കാരണം വിവിധ മേഖലയിലുള്ള വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിക്കാനിരിക്കെ തിരിച്ചടവിനായി വായ്പക്കാരിൽ സമ്മർദം ചെലുത്തി ബാങ്കുകൾ.
ഈ മാസം 31 വരെയാണ് മൊറട്ടോറിയം കാലാവധി. ഈ മാസം 15 മുതൽ തന്നെ ബാങ്കുകൾ വായ്പക്കാരെ ഫോണിൽ വിളിച്ച് തിരിച്ചടവ് ഓർമിപ്പിച്ചിരുന്നുവെങ്കിലും മൊറട്ടോറിയം നീട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ദീർഘിപ്പിക്കില്ലെന്ന റിസർവ് ബാങ്ക് നിലപാട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ബാങ്കുകൾ വായ്പയെടുത്തവരെ വിളിച്ച് തിരിച്ചടവിനായി സമ്മർദം ചെലുത്തുന്നത്.
ഈ മാസം 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും ഇക്കാലയളവിലെ പലിശ നൽകണമെന്നും സെപ്റ്റംബർ ഒന്നു മുതൽ തിരിച്ചടവ് തുടങ്ങണമെന്നും ആവശ്യപ്പെട്ട് കടബാധ്യതയുള്ള ബസുടമകളെ സമർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ പറഞ്ഞു. മൊറട്ടോറിയം ദീർഘിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ലോക്ഡൗൺ കാലത്തെ പലിശ ഒഴിവാക്കണമെന്ന ആവശ്യവും പലരും മുന്നോട്ടുവെക്കുന്നു.
മൊറേട്ടാറിയം ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്, ആറ് മാസത്തില്‍ കൂടുതലുള്ള മൊറട്ടോറിയം കാലയളവ് വായ്പക്കാരുടെ ക്രെഡിറ്റ് സ്വഭാവത്തെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോറട്ടോറിയം നീട്ടുന്നതില്‍ ബാങ്കുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. വായ്പ തിരിച്ചടക്കാന്‍ കഴിവുള്ളവര്‍ പോലും മോറട്ടോറിയം ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ട്, നീട്ടി നൽകരുതെന്നും എച്ച്.ഡി.എഫ്.സി ചെയര്മാന് ദീപക് പരേഖ്, എസ്. ബി.െഎ ചെയര്മാന് രജനീഷ് കുമാര്‍, കോട്ടക് മഹീന്ദ്ര ബാങ്ക് എം.ഡി ഉദയ് കോട്ടക് എന്നിവര്‍ പറഞ്ഞിരുന്നു. അതേസമയം, മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.