ചെങ്കടലിലെ ഹൂതി ഭീഷണി: ഇന്ത്യക്കും കനത്ത നഷ്ടം
text_fieldsന്യൂഡൽഹി: ചെങ്കടൽ പ്രതിസന്ധി മൂലം ഇന്ത്യക്കുണ്ടാവുന്നതും കനത്ത നഷ്ടം. ഇതുമൂലം ഷിപ്പിങ് ചെലവ് 60 ശതമാനം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇൻഷൂറൻസ് പ്രീമിയം 20 ശതമാനവും കൂടി. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷേറ്റീവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ചെങ്കടലിലെ സംഘർഷങ്ങൾ ഷിപ്പിങ് ചെലവുകൾ 40 മുതൽ 60 ശതമാനം വരെ വർധിക്കുന്നതിന് ഇടയാക്കും. ആക്രമണങ്ങളിൽ കാർഗോ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഇത് ഇൻഷൂറൻസ് ചെലവിൽ 15 മുതൽ 20 ശതമാനത്തിന്റെ വരെ വർധനയുണ്ടാക്കും. കപ്പലുകൾ വഴിതിരിച്ചുവിടുന്നത് വഴി ചരക്കുകൾ എത്താൻ 20 ദിവസം വരെ അധികമായി എടുക്കും.
ചെങ്കടൽ, മെഡിറ്റനേറിയൻ കടൽ, ഇന്ത്യൻ മഹാസമൂദ്രം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിൽ ഹൂതികളുടെ ആക്രമണം മൂലം വലിയ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇതുമൂലം പല കപ്പലുകളും ഗുഡ്ഹോപ് മുനമ്പ് ചുറ്റി വരാൻ നിർബന്ധിതരായി. ഗുഡ്ഹോപ് മുനമ്പ് ചുറ്റി കപ്പലുകൾ ഇന്ത്യയിലെത്താൻ 20 ദിവസം അധികമായി എടുക്കും.
ഹൂതികളുണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യുറോപ്പ് തുടങ്ങിയ പ്രദേശങ്ങളുമായുള്ള വ്യാപാരത്തെ ബാധിക്കുമെന്നാണ് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷേറ്റീവിന്റെ കണ്ടെത്തൽ. ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുടെയെല്ലാം ഇറക്കുമതി നടത്തുന്ന പാതയിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് എന്നതും ഇന്ത്യയുടെ ആശങ്കയേറ്റുന്ന കാര്യമാണ്. വരും ദിവസങ്ങളിൽ ചെങ്കടൽ പ്രതിസന്ധി കനത്താൽ ഗുഡ് ഹോപ് മുനമ്പ് വഴി കൂടുതൽ കപ്പലുകൾക്ക് പോകേണ്ടി വരും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.