ഹരിത ഉൗർജത്തിലേക്കും കണ്ണുവെച്ച് റിലയൻസ്; നോർവേ സോളാർ കമ്പനി 5800 കോടിക്ക് സ്വന്തമാക്കി
text_fieldsന്യൂഡൽഹി: രാജ്യത്തെ എണ്ണ-വാർത്താവിനിമയ രംഗത്തെ ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് ഹരിത ഉൗർജ മേഖലയിലേക്കും കച്ചവടം വ്യാപിപ്പിക്കുന്നു. നോർവേ സോളാർ മൊഡ്യൂൾ നിർമാതാക്കളായ ആർ.ഇ.സി ഗ്രൂപ്പിനെ മുകേഷ് അംബാനിയുടെ റിലയൻസ് 77 കോടി ഡോളറിന് (ഏകദേശം 5800 കോടി രൂപ) ഏറ്റെടുത്തു. ചൈന നാഷനൽ ബ്ലൂസ്റ്റാർ കോ ലിമിറ്റഡിൽ നിന്നാണ് ആർ.ഇ.സിയെ സ്വന്തമാക്കിയത്.
ഹരിത ഊർജത്തിെൻറ പുതിയ കണ്ടുപിടിത്തങ്ങൾക്ക് മുൻനിരയിലുള്ള അന്താരാഷ്ട്ര സൗരോർജ കമ്പനിയാണ് ആർ.ഇ.സി ഗ്രൂപ്. ആർ.ഇ.സിയുടെ ഏറ്റെടുക്കലിൽ അതി സന്തുഷ്ടനാണെന്നും 'സൂര്യദേവെൻറ' പരിധിയില്ലാത്തതും വർഷം മുഴുനീളെ ലഭിക്കുന്നതുമായ ഊർജത്തെ റിലയൻസിന് പ്രയോജനപ്പെടുത്താനാവുമെന്നും ഇതിലൂടെ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ പ്രതികരണം. ആഗോളതലത്തിൽ ആർ.ഇ.സിക്ക് 1,300ലധികം ജീവനക്കാരുണ്ടെന്നും ഇടപാട് വിജയകരമായി പൂർത്തിയാക്കിയാൽ അവർ റിലയൻസ് കുടുംബത്തിലെത്തി ലോകത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നായ 'ഗ്രീൻ എനർജി ട്രാൻസിഷൻ' നയിക്കുന്ന സംഘത്തിെൻറ അവിഭാജ്യ ഘടകമായി മാറുമെന്നും റിലയൻസ് പറഞ്ഞു.
ഈ വർഷമാദ്യം നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഗുജറാത്തിലെ ജാംനഗറിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കാനുള്ള കമ്പനിയുടെ മെഗാ പ്ലാൻ റിലയൻസ് ചെയർമാൻ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ജാംനഗറിലെ 5,000 ഏക്കറിലധികം സ്ഥലത്ത് ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗ കോംപ്ലക്സ് വികസനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുൽപാദക ഊർജ്ജ നിർമാണ സംവിധാനങ്ങളിൽ ഒന്നായിരിക്കും ഇതെന്നും റിലയൻസിെൻറ പദ്ധതി വെളിപ്പെടുത്തിക്കൊണ്ട് അംബാനി പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.