അപ്രതീക്ഷിതമായി വായ്പാ പലിശനിരക്കുകൾ ഉയർത്തി ആർ.ബി.ഐ; ജനങ്ങൾക്ക് പ്രതിസന്ധിയാകും
text_fieldsമുംബൈ: അപ്രതീക്ഷിത ഇരുട്ടടിയായി പലിശ നിരക്കിൽ വർധന. ഉടൻ പ്രാബല്യത്തിലാകും വിധം 4.40 ശതമാനത്തിലേക്കാണ് റിസർവ് ബാങ്ക് നിരക്കുയർത്തിയത്. പരിധിവിടുന്ന പണപ്പെരുപ്പം പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടാണ് അടിയന്തര നടപടി. ഇതോടെ സാധാരണക്കാർക്കും കോർപറേറ്റുകൾക്കും ബാങ്ക് വായ്പ അധിക ബാധ്യതയുണ്ടാക്കും.
ഈ മാസം രണ്ടു മുതൽ നാലുവരെ ആർ.ബി.ഐയുടെ പണനയ സമിതി (എം.പി.സി) പ്രത്യേക യോഗം ചേർന്നാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പൊ) 40 ബേസിസ് പോയന്റ് കൂട്ടാൻ തീരുമാനിച്ചത്. ആറംഗ സമിതി ഏകകണ്ഠമായി നിരക്ക് വർധനയെ പിന്തുണച്ചു.
കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പം ആറ് ശതമാനത്തിലും ഉയർന്നു നിൽക്കുകയാണ്. 5.7ശതമാനമാണ് ആർ.ബി.ഐ പ്രതീക്ഷിച്ചിരുന്ന നിരക്ക്. മാർച്ചിലെ പണപ്പെരുപ്പം 6.9 ശതമാനമാണ്. ഏപ്രലിലെ പണപ്പെരുപ്പം ആർ.ബി.ഐ പുറത്തുവിട്ടില്ല.
റഷ്യ-യുക്രെയ്ൻ യുദ്ധം, കൂടുന്ന അസംസ്കൃത എണ്ണ വില, സാധന സാമഗ്രികളുടെ വിലവർധന എന്നിവയും നിരക്കുയർത്തൽ തീരുമാനത്തിന് കാരണമായതായി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ നിരക്ക് (സി.ആർ.ആർ)50 ബേസിസ് പോയന്റ് ഉയർത്തി 4.5 ശതമാനമാക്കി. വിവിധ ബാങ്കുകളിലുള്ള 87,000 കോടി ആർ.ബി.ഐയിൽ എത്തിക്കാൻ സഹായിക്കുന്നതാണ് നടപടി. മേയ് 21 മുതലാണ് പുതിയ സി.ആർ.ആർ നിരക്ക് ബാധകം.
2018 ആഗസ്റ്റിനു ശേഷമുള്ള ആദ്യ പലിശ നിരക്കുയർത്തൽ കൂടിയാണ് ഇത്തവണത്തേത്. അതോടൊപ്പം മുൻകൂട്ടി നിശ്ചയിക്കാതെ എം.പി.സി ചേർന്ന് നിരക്ക് വർധിപ്പിക്കുന്നതും ഇതാദ്യമാണ്. 2020 മേയിൽ 40 ബേസിസ് പോയന്റ് കുറച്ചിരുന്നുവെന്നും അത് പുനഃസ്ഥാപിച്ചതായി ഇപ്പോഴത്തെ നടപടിയെ കണ്ടാൽ മതിയെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2020 മേയ് 22ന് കോവിഡ് സാഹചര്യത്തിലാണ് പലിശ നിരക്ക് നാല് ശതമാനത്തിലേക്ക് കുത്തനെ താഴ്ത്തിയത്.
അതേസമയം, നിരക്ക് വർധന നിക്ഷേപകർക്ക് ഗുണം ചെയ്യും. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഇടക്കാല വായ്പയുടെ പലിശ നിരക്കാണ് റിപ്പൊ. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പൊ നിലവിലെ 3.35 ശതമാനത്തിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.