ചലനമുണ്ടാക്കാതെ റബർ കയറ്റുമതി ഇന്‍സെന്റിവ്
text_fieldsകോട്ടയം: രാജ്യാന്തര വിലയിലുണ്ടായ വർധന മുതലെടുക്കാൻ ലക്ഷ്യമിട്ട് റബർ ബോർഡ് പ്രഖ്യാപിച്ച റബർ കയറ്റുമതി ഇന്‍സെന്റിവ് പദ്ധതി പാളി. ഷീറ്റ് റബർ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ ഇന്‍സെന്റിവ് നൽകുമെന്നായിരുന്നു ബോർഡ് പ്രഖ്യാപനം.
എന്നാൽ, കയറ്റുമതിയിൽ കാര്യമായ വർധനവുണ്ടായില്ല. 2023-24ൽ 4,200 മെട്രിക് ടൺ റബറാണ് കയറ്റുമതി ചെയ്തത്. ഇതിനുതൊട്ടുമുമ്പ് 3900 മെട്രിക് ടണ്ണും. ഏപ്രിലിലും നാമമാത്രമാണ് കയറ്റുമതി. ഷീറ്റ് റബറിന്റെ അന്താരാഷ്ട്രവില ജനുവരിയിൽ ആഭ്യന്തരവിലയെ മറികടന്നിരുന്നു. ഇതോടെയാണ് മാർച്ച് 15ന് പദ്ധതിക്ക് തുടക്കമിട്ടത്. ജൂൺ 30 വരെ ആനുകൂല്യം തുടരുമെന്നും അറിയിച്ചിരുന്നു. റബറിന്റെ വിലവർധനവിന് കയറ്റുമതി വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40 ടണ്ണിന് മാത്രമാണ് പദ്ധതി പ്രകാരം ഇന്‍സെന്റിവ്. ഇത്തരത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇത് ആകർഷണീയമല്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഷീറ്റ് സംഭരണത്തിനും കയറ്റുമതി നടപടികള്‍ക്കും കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും. എന്നാൽ, പദ്ധതി കുറഞ്ഞ കാലത്തേക്ക് മാത്രമാണ് പ്രഖ്യാപിച്ചത്. ഒപ്പം ടയര്‍ കമ്പനികൾ ഷീറ്റിനെക്കാള്‍ വിലക്കുറവുള്ള ബ്ലോക്ക് റബറും കോമ്പൗണ്ട് റബറുമാണ് വാങ്ങുന്നത്. ഇവയും പദ്ധതിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
അതേസമയം, വലിയതോതിൽ കയറ്റുമതി നടന്നിട്ടില്ലെങ്കിലും വില പിടിച്ചുനിർത്താൻ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞതായി റബർ ബോർഡ് പറയുന്നു. ബാങ്കോക് വിപണിയിൽ വില ഉയർന്നുനിൽക്കുകയാണെങ്കിലും വിയറ്റ്നാമിൽ ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കാണ്. ഇത് കയറ്റുമതിയെ ബാധിച്ചതായും ഇവർ പറയുന്നു.
അതിനിടെ, റബർ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. ആര്.എസ്.എസ്-നാല് ഗ്രേഡ് 180.50 രൂപയിലേക്കും ഗ്രേഡ് അഞ്ച് 177.50 രൂപയിലേക്കുമാണ് താഴ്ന്നത്. ആഗോളതലത്തില്‍ ഉൽപാദനത്തില് വലിയ കുറവുണ്ടായിട്ടും വില താഴുന്നതിൽ കർഷകർ ആശങ്കയിലാണ്. ടയര്‍ കമ്പനികള്‍ വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നതാണ് വില താഴാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.