Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറബർ കിട്ടാനില്ല; വില...

റബർ കിട്ടാനില്ല; വില കൂടി

text_fields
bookmark_border
Rubber Tapping
cancel

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ്‌ തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത്‌ ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾ ഇപ്പോൾ ഷീറ്റിനായി പരക്കം പായുകയാണ്‌.

കൊച്ചി, കോട്ടയം വിപണികളിൽ വിൽപനക്കാർ കുറഞ്ഞതോടെ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 20,400 രൂപയിലാണ്‌ നാലാം ഗ്രേഡ്‌ റബർ. ശനിയാഴ്‌ച 20,500നും ചരക്ക്‌ ശേഖരിക്കാമെന്ന നിലപാടിലായിരുന്നു വ്യവസായികളെങ്കിലും വിൽപനക്കാർ കുറവായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട്‌ പുനരാരംഭിച്ചതിനാൽ വൈകാതെ പുതിയ ചരക്ക്‌ വിപണികളിൽ ഇടം പിടിക്കും.

**

വിദേശ സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ ഇന്ത്യൻ കുരുമുളക്‌ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. പല കയറ്റുമതിക്കാരുമായി അവർ ആശയവിനിമയം നടത്തുന്നുണ്ട്‌. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരുമായി കച്ചവടങ്ങൾ ഉറപ്പിച്ചതായാണ്‌ സൂചനയെങ്കിലും ഇതു സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിദേശ കച്ചവടം നടന്ന വിവരം പുറത്തുവന്നാൽ ഉൽപന്ന വില കുതിച്ചുകയറുമെന്ന ഭീതിയിലാണ്‌ കയറ്റുമതി സമൂഹം. അതുകൊണ്ടുതന്നെ യൂറോപ്യൻ ഓർഡറുകളുടെ വിവരങ്ങൾ അതീവ രഹസ്യമാണ്‌.

ഇതിനിടയിൽ കർഷകർ വിപണിയിലേക്കുള്ള കുരുമുളക്‌ നീക്കത്തിലെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് തുടരുന്നതിനാൽ വില ഉയർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്ന തിരിച്ചറിവിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ ചരക്ക്‌ സംഭരിക്കുകയാണ്‌. പിന്നിട്ട നാലാഴ്‌ചകളിൽ 11,000 രൂപ മുളകിന്‌ വർധിച്ചു. വാരാന്ത്യം കൊച്ചിയിൽ അൺ ഗാർബ്ൾഡ്‌ മുളക്‌ 68,500 രൂപയിലും ഗാർബ്ൾഡ്‌ 70,500 രൂപയിലുമാണ്‌.

**

ഏലത്തിന്‌ പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞതോടെ ഡിമാൻഡ് അൽപം കുറഞ്ഞു. കാർഷികമേഖല പ്രതീക്ഷകളോടെ പുതിയ സീസണിനായി കാത്തിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ 29 ശതമാനം മഴ കുറഞ്ഞത് വിളകളെ ചെറിയ അളവിൽ ബാധിക്കുന്നുണ്ട്‌. ഹൈറേഞ്ചിൽ അടുത്തമാസം അവസാനം ചില ഭാഗങ്ങളിൽ ഏലം വിളവെടുപ്പ്‌ തുടങ്ങാനാകുമെന്ന നിഗമനത്തിലാണ്‌ ഉൽപാദകർ. സീസൺ മുൻനിർത്തി ഇടനിലക്കാർ ചരക്ക്‌ ലേലത്തിൽ ഇറക്കുന്നുണ്ട്‌. ശരാശരി ഇനങ്ങൾ കിലോ 2300 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്‌.

**

നാളികേരോൽപന്നങ്ങൾക്ക്‌ തളർച്ച. വെളിച്ചെണ്ണക്ക്‌ പ്രാദേശിക ആവശ്യം കുറഞ്ഞ വേളയിൽ വിദേശ പാചകയെണ്ണ ഇറക്കുമതി ഉയർന്നത്‌ സ്ഥിതി കൂടുതൽ സങ്കീർണമാക്കും. എണ്ണക്കുരു കർഷകർക്ക്‌ താങ്ങ്‌ പകരാനാളില്ലാത്ത അവസ്ഥയാണ്‌. തമിഴ്‌നാട്‌ കൊപ്ര സംഭരണം നിർത്തിയതും തിരിച്ചടിയായി. കൊച്ചിയിൽ കൊപ്ര 9600 രൂപയായും വെളിച്ചെണ്ണ 14,800ലേക്കും താഴ്‌ന്നു.

**

ആഭരണ വിപണിയിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. പവൻ 53,200 രൂപയിൽ നിന്ന്‌ 52,960ലേക്ക്‌ താഴ്‌ന്നശേഷമുള്ള തിരിച്ചുവരവിൽ 53,720 രൂപ വരെ മുന്നേറിയെങ്കിലും ശനിയാഴ്‌ച നിരക്ക്‌ 53,080 രൂപയിലാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberRubber prices
News Summary - Rubber is not available; Price increased
Next Story