റബർവില സർവകാല റെക്കോഡിൽ
text_fieldsകോട്ടയം: റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ഒരുകിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് വ്യാഴാഴ്ച മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു.
വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും കോട്ടയത്ത് 250 രൂപക്കുവരെ വ്യാപാരം നടന്നു. ഷീറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഉയർന്ന വില നൽകി ചെരുപ്പ് കമ്പനികളടക്കം റബർ വാങ്ങുകയായിരുന്നു. ഒട്ടുപാല് വിലയും കുതിക്കുകയാണ്. കിലോക്ക് 158 രൂപ വരെയാണ് കര്‍ഷകർക്ക് ലഭിക്കുന്നത്. എന്നാല്‍, ലാറ്റക്സ് വില ഇടിഞ്ഞു. വ്യാഴാഴ്ച രണ്ടുരൂപ കുറഞ്ഞ് 243 രൂപയായി.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ആഭ്യന്തര വിപണിയിലടക്കം തുടരുന്ന ക്ഷാമമാണ് റബർ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെ ഇറക്കുമതി നിലച്ചിരുന്നു. ഇതും വില ഉയരാൻ കാരണമായി.
കണ്ടെയ്നര്‍ ക്ഷാമത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ റബർ ഇറക്കുമതി പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടമായി മൂന്ന് കമ്പനികള്‍ ചേര്‍ന്ന് ഇറക്കുമതി ചെയ്യുന്ന 6000 ടണ്‍ റബര്‍ അടുത്തയാഴ്ച ആദ്യം എത്തും. ഇതിനുപിന്നാലെ ഒരുലക്ഷം ടൺ കൂടി എത്തുമെന്നാണ് വിവരം. ഇതോടെ വില കുറയുമെന്ന സൂചനയും വ്യാപാരികള്‍ നല്‍കുന്നുണ്ട്. ആഭ്യന്തരവിലയേക്കാൾ കുറഞ്ഞ നിലയിലാണ് അന്താരാഷ്ട്ര വില. 40 രൂപയുടെ കുറവാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.