റൂക്കോ പദ്ധതി: പ്രതിമാസം സംഭരിക്കുന്നത് അരലക്ഷം ലിറ്റർ പഴകിയ എണ്ണ
text_fieldsകൊല്ലം: ഹോട്ടലുകളിലെ ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ജൈവ ഡീസലും സോപ്പും നിർമിക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പദ്ധതി വിജയത്തിലേക്ക്. റീ പർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതിയിലൂടെ പ്രതിമാസം ശരാശരി 50,000 ലിറ്റർ പഴയ എണ്ണയാണ് ശേഖരിക്കപ്പെടുന്നത്. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണ ശേഖരിച്ച് ജൈവ ഡീസൽ നിർമിക്കുന്ന നാല് കമ്പനികളും സോപ്പ് നിർമിക്കുന്ന ഒരു കമ്പനിയും ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നാൽപതോളം ജൈവ ഡീസൽ കമ്പനികൾ വേറെയുമുണ്ട്. അവക്കും കേരളത്തിൽനിന്ന് എണ്ണ ശേഖരിക്കുന്നതിന് ലൈസൻസുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഈ കമ്പനികൾ ലിറ്ററിന് 40 മുതൽ 60 രൂപവരെ വിലയ്ക്കാണ് പഴയ എണ്ണ ശേഖരിക്കുന്നത്.
കമ്പനി നൽകുന്ന പ്രത്യേക കാനിലാണ് ഹോട്ടലുകളും തട്ടുകടകളും എണ്ണ സൂക്ഷിക്കുക. പഴകിയ എണ്ണ പ്ലാന്റുകളിൽ മെഥനോൾ ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലായി സംസ്കരിച്ച് ജൈവ ഡീസൽ നിർമിക്കും. ഈ ഡീസൽ ലിറ്ററിന് 85 രൂപക്കാണ് വിൽക്കുന്നത്. സാധാരണ ഡീസലിനേക്കാൾ 12രൂപ കുറവും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ വൻ ഡിമന്റാണ് ജൈവ ഡീസലിന്. കാസർകോട്, കോഴിക്കോട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് കേരളത്തിലെ ജൈവ ഡീസൽ നിർമാണ കമ്പനികൾ പ്രവർത്തിക്കുന്നത്. മലപ്പുറം കോട്ടക്കലാണ് സോപ്പ് നിർമാണ യൂനിറ്റുള്ളത്. ഗുണനിലവാരം പരിശോധിച്ച് മറ്റ് എണ്ണകൾ ചേർത്താണ് സോപ്പ് നിർമിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് കൂടുതൽ പഴകിയ എണ്ണ ശേഖരിക്കപ്പെടുന്നത്.
സംസ്ഥാനത്ത് മായം കലരാത്തതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവിഭവങ്ങൾ വിൽപനക്കെത്തുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി അധികൃതർ പറഞ്ഞു.
പ്രതിമാസം 20,000 ലിറ്ററിലധികം ജൈവ ഡീസൽ വിൽക്കുന്നു. ഓട്ടോ ഡ്രൈവർമാർ അടക്കം ഉപഭോക്താക്കൾക്കിടയിൽ നല്ല ഡിമാന്റാണ്. എത്ര ഉൽപാദിപ്പിച്ചാലും ചെലവാകും. ഇപ്പോൾ കാനുകളിലാക്കിയാണ് വിതരണം. ബസുകളിലടക്കം ഡീസൽ അടിച്ചു നൽകാൻ സംവിധാനം ആയി വരുന്നു’
–രാജേഷ് (എം.ഡി, വേൾഡ് വിഹാർ ബയോ ഫ്യൂവൽസ്)
‘ഹോട്ടലുകളും പലഹാരക്കടകളും ഉപയോഗിച്ച ഭക്ഷ്യഎണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (ടി.പി.സി) 25 ശതമാനത്തിന് മുകളിലുള്ള എണ്ണ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. സ്ഥാപനങ്ങൾ റൂക്കോയിൽ രജിസ്റ്റർ ചെയ്ത് പഴയ എണ്ണ ഏജൻസികൾക്ക് നൽകി സഹകരിക്കണം’
–എസ്. അജി(ഡെപ്യൂട്ടി കമീഷണർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.