ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകം; ഹിൻഡൻബർഗ് പകവീട്ടുന്നു -സെബി മേധാവി
text_fieldsന്യൂഡൽഹി: യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ജീവിതവും തുറന്ന പുസ്തകമാണെന്നും അറിയിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും. കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് ഹിൻഡൻബർഗ് പകവീട്ടുകയാണെന്നും അവർ ആരോപിച്ചു.
ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. അവയെ ഞങ്ങൾ പൂർണമായും തള്ളുകയാണ്. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. സാമ്പത്തിക ഇടപാടുകളെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും സെബിക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
സെബിയിലേക്ക് എത്തുന്നതിന് മുമ്പ് സാധാരണ പൗരൻമാരായി ഇരുന്ന സമയത്ത് തങ്ങൾ നടത്തിയ ഏത് ഇടപാടിന്റെ രേഖകളും പുറത്ത് വിടാൻ തയാറാണ്. പൂർണമായും സുതാര്യത ഉറപ്പാക്കാനാണ് ഇപ്പോൾ വിശദമായ പ്രസ്താവന പുറത്തിറക്കുന്നതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.