സിലിക്കൺ വാലി ബാങ്ക് തകർച്ച: 10,000 ചെറുകിട ബിസിനസുകളെ ബാധിച്ചേക്കും
text_fieldsവാഷിങ്ടൺ/ന്യൂഡൽഹി: മൂന്നു സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കപ്പെട്ടാൽ അതിലൊന്ന് ഇന്ത്യൻ-അമേരിക്കൻ സ്റ്റാർട്ടപ്പായിരിക്കും എന്ന റെക്കോഡുള്ള, യു.എസിലെ സിലിക്കൺ വാലിയിൽ അതേപേരിലുള്ള ബാങ്ക് തകർന്നപ്പോൾ ഏറ്റവും വലിയ ചങ്കിടിപ്പ് ഇന്ത്യൻ സംരംഭകർക്ക് മേൽക്കോയ്മയുള്ള സ്റ്റാർട്ടപ് മേഖലക്ക്.
അനേകം ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടുള്ള, യു.എസിലെ 16ാമത്തെ വലിയ ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ്.വി.ബി) വെള്ളിയാഴ്ചയാണ് അടച്ചുപൂട്ടിയത്. തകർച്ച 10,000ത്തോളം ചെറുകിട ബിസിനസുകളെ ബാധിക്കുമെന്നും ഒരു മാസത്തേക്കെങ്കിലും അവയുടെ ശമ്പളവിതരണം പ്രതിസന്ധിയിലാകുമെന്നും ഒരു ലക്ഷത്തോളം തൊഴിലുകളെ ബാധിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
സ്റ്റാർട്ടപ് മേഖലക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക പിന്തുണ നൽകുന്ന എസ്.വി.ബിയുടെ തകർച്ച സംരംഭക മേഖലയെ പൊതുവായും ഇവിടെയുള്ള ഇന്ത്യൻ കമ്പനികളെ പ്രത്യേകമായും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 20,900 കോടി ഡോളർ ആസ്തിയും 17,540 കോടി ഡോളർ നിക്ഷേപവുമുള്ള ബാങ്കിന്റെ തുടർകാര്യങ്ങൾ നിർവഹിക്കാൻ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷനെയാണ് ഏൽപിച്ചിരിക്കുന്നത്.
ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത ദിവസങ്ങളിൽ പരിഹരിക്കപ്പെടുമെങ്കിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ഇത് നന്നായി ബാധിക്കുമെന്ന് രണ്ടു ദശകങ്ങളായി സിലിക്കൺ വാലി ആസ്ഥാനമായ വെഞ്ച്വർ കാപിറ്റലിസ്റ്റ് അഷു ഗാർഗ് അഭിപ്രായപ്പെട്ടു.
‘‘യു.എസിൽ ബിസിനസ് ചെയ്യുന്ന, യു.എസ് ജീവനക്കാരില്ലാത്തവയടക്കമുള്ള ഭൂരിഭാഗം ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഉപയോഗിക്കുന്നത് എസ്.വി.ബിയാണ്. ഒട്ടേറെ ബാങ്കുകൾ വിദേശ സ്റ്റാർട്ടപ്പുകൾക്ക് സേവനം നൽകാൻ വിമുഖത കാണിക്കുമ്പോൾ എസ്.വി.ബി ഇന്ത്യൻ കമ്പനികളെ അകമഴിഞ്ഞ് പിന്തുണക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ സംരംഭകർക്ക് ഇത് കനത്ത തിരിച്ചടിയാണ്’’-ഗാർഗ് കൂട്ടിച്ചേർത്തു.
സിലിക്കൺ വാലിയിലെ പ്രമുഖ ഇൻകുബേറ്ററായ വൈ-കോംബിനേറ്ററുമായി ബന്ധമുള്ള വിവിധ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ബാങ്ക് തകർച്ച പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. കാത്താബുക്, സെപ്റ്റോ, ഒകെക്രെഡിറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും മതിയായ ആസ്തിയുള്ള ബാങ്കിന് ഇവ വിറ്റഴിച്ച് നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ സാധിക്കുമെന്നും ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിലിക്കൺ വാലി ബാങ്കിന് ധനസഹായം നൽകാൻ നിലവിൽ ഉദ്ദേശ്യമില്ലെന്നും പക്ഷേ, തങ്ങളുടെ പണത്തെക്കുറിച്ച് ആശങ്കപ്പെടുന്ന നിക്ഷേപകരെ സഹായിക്കാൻ ആലോചിക്കുന്നുണ്ടെന്നും യു.എസ് ധനമന്ത്രി (ട്രഷറി സെക്രട്ടറി) ജാനെറ്റ് യെല്ലൻ ഞായറാഴ്ച പറഞ്ഞു. 2,50,000 ഡോളർ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും വെഞ്ച്വർ കാപിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം ഒട്ടേറെ കമ്പനികളും വ്യക്തികളുമെല്ലാം നിക്ഷേപകരായുള്ള ബാങ്കിൽ ഇതിനേക്കാൾ വൻ തുകയുള്ള ഒട്ടേറെ പേരാണുള്ളത്. 15 വർഷം മുമ്പത്തെ ബാങ്കിങ് തകർച്ച പോലുള്ള സാഹചര്യമൊന്നും ഇപ്പോഴില്ലെന്നും ഇത് ബാങ്ക് തകർച്ച പരമ്പര സൃഷ്ടിക്കുമെന്ന ആശങ്കയില്ലെന്നും ട്രഷറി സെക്രട്ടറി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.