ഇന്ത്യക്കായി മെനു മാറ്റി സ്റ്റാർബക്സ്; ഇനി മസാല ചായയും ഫിൽറ്റർ കോഫിയും കിട്ടും
text_fieldsന്യൂഡൽഹി: ഇന്ത്യക്കായി മെനുവിൽ മാറ്റം വരുത്തി അന്താരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സ്. മസാല ചായയും ഫിൽറ്റർ കോഫിയും മെനുവിൽ ഉൾപ്പെടുത്തിയാണ് സ്റ്റാർബക്സിന്റെ മാറ്റം. ഇതാദ്യമായാണ് ഒരു രാജ്യത്തിനായി കമ്പനി തങ്ങളുടെ മെനുവിൽ മാറ്റം വരുത്തുന്നത്.
ഇന്ത്യൻ രീതിയിലുള്ള സാൻഡ്‍വിച്ചും മിൽക്ക്ഷെയ്ക്കും സ്റ്റാർബക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ബംഗളൂരു, ഗുഡ്ഗാവ്, ഭോപ്പാൽ, ഇന്ദോർ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റോറുകളിലാണ് സ്റ്റാർബക്സ് പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാർബക്സിനെ അടുത്തതലത്തിലേക്ക് ഉയർത്താൻ പുതിയ മെനു സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതുമൂലം പുതിയ ഉപഭോക്താക്കളെ ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇത് പുതിയ അനുഭവം പകരുമെന്നും സ്റ്റാർബക്സ് ഇന്ത്യ സി.ഇ.ഒ സുശാന്ത് ദാസ് പറഞ്ഞു.
ഇതാദ്യമായല്ല അന്താരാഷ്ട്ര ഭക്ഷ്യശൃംഖലകൾ ഇന്ത്യക്കായി മെനു മാറ്റുന്നത്. മുമ്പ് മക്ഡോണാൾഡ് അവരുടെ മെനുവിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയാറാക്കുന്ന ഇന്ത്യൻ ഭക്ഷ്യവിഭവങ്ങൾ പരീക്ഷിച്ചിരുന്നു. ഡോമിനോസ് പനീർ, ചിക്കൻ ടിക്ക പിസ എന്നിവയും ഇത്തരത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.