അബൂദബിയിൽ സ്റ്റാർട്ടപ്പ് കുതിപ്പ്
text_fieldsഅബൂദബി: മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (മെന) മേഖലയിൽ സ്റ്റാർട്ടപ്പുകൾ ഏറ്റവും വേഗത്തിൽ വളരുന്ന ഇടമായി അബൂബദിയെ തെരഞ്ഞെടുത്തു. ലണ്ടൻ ടെക് വീക്കിൽ സ്റ്റാർട്ടപ്പ് ജീനോം, ഗ്ലോബൽ എൻട്രിപ്രണേർഷിപ്പ് നെറ്റ്വർക്ക് എന്നീ കമ്പനികൾ ചേർന്ന് പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപോർട്ടിലാണ് (ജ.എസ്.ഇ.ആർ) ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം അബൂദബി എമിറേറ്റിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച 28 ശതമാനമാണെന്നും റിപോർട്ട് പറയുന്നു. 300ലധികം നൂതന സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്ന 45 ലക്ഷത്തിലേറെ കമ്പനികളിൽ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ജി.എസ്ഇ.ആര് പട്ടിക തയ്യാറാക്കിയത്. ലോകത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവണതകളെ കുറിച്ച് ശ്രദ്ധേയമായ ഉൾകാഴ്ചകളും ആഴത്തിലുള്ള അറിവും നൽകുന്നതിന് സഹായിക്കുന്നതാണ് റിപോർട്ട്. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് വളരാനുളള ഏറ്റവും മികച്ച ഇടങ്ങളെ റാങ്കിങ്ങിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
2021 ജൂലൈ 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ അബൂദബിയിലെ സ്റ്റാർട്ടപ്പുകൾ 420 കോടി ഡോളറാണ് നേടിയത്. 2019 ജൂലൈ 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നേടിയതിനേക്കാള്‍ 28 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ നേടിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം അബൂബദി 15 സ്ഥാനങ്ങളാണ് മറികടന്നത്. ഇത്തവണ 61 മുതൽ 70 വരെയുള്ള സ്ഥാനമാണ് അബൂദബി നേടിയത്. ഇതിനു പുറമേ മെന മേഖലയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അബൂദബി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മികച്ച രീതിയിൽ നിക്ഷേപം കണ്ടെത്തുന്നതിൽ മെന മേഖലയിൽ അഞ്ചാം സ്ഥാനവും ടാലന്റ് ആന്‍ഡ് എക്പീരിയന്‍സ് വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും അബൂദബി കൈവരിച്ചു. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ്, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, എഡിക്യു, അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ്, അബൂദബി ഡിപാര്‍ട്ട്മെന്റ് ഓഫ് ഇക്കോണമിക് ഡവലപ്മെന്റ് തുടങ്ങിയവയെയാണ് അബൂദബിയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്ന സുപ്രധാന സ്ഥാപനങ്ങളായി റിപോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. അബൂദബിയിലെ ഹബ് 71 ലോകോത്തരനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് ജെനോം സ്ഥാപകനും പ്രസിഡന്റുമായ മാര്‍ക് പെന്‍സല്‍ പറഞ്ഞു. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ കൺസോർട്യമാണ് ജി.എസ്.ഇ.ആറിനെ നയിക്കുന്നത്. സ്റ്റാർട്ടപ്പ് പ്രവർത്തനത്തിന്റെ നിലവിലെ അവസ്ഥയും അനുബന്ധ നിക്ഷേപവും പരിശോധിച്ച് മികച്ച സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റികളെ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.