ഓഹരി വിപണി; അടുത്തയാഴ്ച നിർണായകം
text_fieldsഇന്ത്യൻ ഓഹരി വിപണിക്ക് അടുത്തയാഴ്ച ഏറെ നിർണായകമാണ്. ജൂൺ നാലിന് വരുന്ന പൊതുതെരഞ്ഞെടുപ്പ് ഫലമാണ് വിപണിയുടെ ഗതി നിർണയിക്കുക. ജൂൺ ഒന്നിന് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലവും ഹ്രസ്വകാലത്തിൽ നിർണായകമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപനയുടെ തോത് കുറഞ്ഞിട്ടുണ്ട്. അവർ വൈകാതെ ഇന്ത്യൻ വിപണിയിലേക്ക് പണവുമായി തിരിച്ചുവരും.
തെരഞ്ഞെടുപ്പ് ഫലം വന്ന് അനിശ്ചിതത്വത്തിന്റെ കാർമേഘം നീങ്ങാനാവും വൻകിട നിക്ഷേപകർ കാത്തിരിക്കുന്നുണ്ടാവുക. ചൈനീസ്, ഹോങ്കോങ് വിപണികളിൽ ഓഹരി വില ഇടിഞ്ഞപ്പോൾ ഇന്ത്യയിൽനിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അങ്ങോട്ടുപോയതാണ്. അവർ തിരിച്ചുവരുന്നതിന്റെ സൂചനകളുണ്ട്.
ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുകയാണെങ്കിൽ ഹ്രസ്വകാല റാലിക്ക് സാക്ഷിയാകാം. റെയിൽവേ, അടിസ്ഥാന സൗകര്യ ഓഹരികളിലും അദാനി ഗ്രൂപ്പിന്റെ ഓഹരികളിലും കുതിപ്പ് പ്രതീക്ഷിക്കാം. അതേസമയം, എൻ.ഡി.എക്ക് അധികാരം നഷ്ടമാവുകയോ തൂക്കുസഭയാവുകയോ ചെയ്താൽ കുറച്ചുദിവസത്തേക്കെങ്കിലും വൻവീഴ്ചയുണ്ടാകും.
ഇൻഡ്യ സഖ്യമാണ് അധികാരത്തിൽ വരുന്നതെങ്കിൽ കൃഷി, ഗ്രാമവികസനം, സാധാരണക്കാർ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ (ഉദാ: വില കുറഞ്ഞ വാഹനങ്ങൾ) തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികളാണ് ആദ്യഘട്ടത്തിൽ മുന്നേറുക. കോർപറേറ്റ് എൻവയൺമെന്റിന്റെ കാര്യത്തിൽ പിന്നീട് വലിയ മാറ്റമൊന്നുമില്ലാതെ ഒരു സർക്കാറിന്റെ തുടർച്ച പോലെ മുന്നോട്ടുപോകും.
കമ്പനികളുടെ പാദഫലങ്ങൾ ഏതാണ്ട് പുറത്തുവന്നുകഴിഞ്ഞു. മെച്ചപ്പെട്ട നാലാം പാദഫലങ്ങളാണ് പൊതുവേ ഇന്ത്യൻ കമ്പനികളുടേത്. നല്ല വരുമാനവും ലാഭവും ഉണ്ടാക്കുന്നതും ഭാവിയിലും മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ളതുമായ കമ്പനികൾ നോക്കിവെക്കുക. വിപണി ഇടിഞ്ഞാൽ നല്ല ഓഹരികൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാൻ ലഭിച്ച അവസരമായി കാണുക. ഏതാണ് ഇടിവിന്റെ അടിത്തട്ട് എന്ന് പറയാൻ സാധിക്കാത്തതിനാൽ ഘട്ടംഘട്ടമായി വാങ്ങുക.
ഓരോ ഇടിവിലും നല്ല ഓഹരികൾ അൽപാൽപമായി വാങ്ങുന്ന രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. മോശം ഫലം പുറത്തുവിട്ട കമ്പനികളുടെ ഓഹരികൾ കൈവശമുണ്ടെങ്കിൽ അടുത്ത സീസണിൽ തിരിച്ചുവരുമെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം നിലനിർത്തുക.
ലാഭത്തിലായിട്ട് വിൽക്കാം എന്ന് കരുതി മോശം ഓഹരികൾ കൈവശം വെച്ചാൽ കൂടുതൽ നഷ്ടത്തിലേക്ക് പതിക്കാനാണ് സാധ്യത. അത് വിറ്റൊഴിവാക്കി ആ പണം നല്ലതിലേക്ക് മാറ്റിയാൽ നഷ്ടമായ പണം തിരികെ ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.