പണമൊഴുക്ക് ലാർജ് കാപ് ഓഹരികളിലേക്ക്?
text_fieldsയു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് ഇന്ത്യ ഉൾപ്പെടെ വികസ്വര വിപണികളിലേക്ക് വിദേശ പണമൊഴുക്കിന് വഴിയൊരുക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകി ലാർജ് കാപ് ഫണ്ടുകളിലാണ് കൂടുതലായി നിക്ഷേപിക്കുക. ഒരാഴ്ചയായി ഇന്ത്യൻ ഓഹരി വിപണി ഉയർന്നിട്ടും സ്മാൾ, മിഡ് കാപ് സൂചികയും ഓഹരികളും കാര്യമായി ഉയർന്നില്ല. കഴിഞ്ഞ ഏതാനും വർഷമായി മികച്ച ലാഭം നൽകിയത് സ്മാൾ, മിഡ് കാപ് ഓഹരികളാണ്. ലാർജ് കാപിന്റെ നല്ലകാലം ആരംഭിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം, സ്മാൾ കാപിലെ നല്ല ഓഹരികൾ കുതിപ്പ് തുടരുകയും ചെയ്യും.
ബോണസ് ഓഹരി രണ്ടാം ദിവസം വിൽക്കാം
ബോണസ് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ എത്താനുള്ള സമയപരിധി റെക്കോഡ് തീയതി മുതൽ രണ്ടുദിവസമാക്കുന്നു. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഇതോടെ ബോണസായി ലഭിച്ച ഓഹരി അലോട്ട്മെന്റ് തീയതിയുടെ പിറ്റേ ദിവസം മുതൽ വിൽക്കാൻ കഴിയും. നിക്ഷേപകർക്ക് സന്തോഷം നൽകുന്ന തീരുമാനമാണിത്.
പി.എസ്.യു സ്റ്റോക്കുകളും എ.എസ്.എം പരിധിയിൽ
അധിക നിരീക്ഷണ നടപടിയുടെ (അഡീഷനൽ സർവൈലൻസ് മെഷേഴ്സ്) പരിധിയിൽ പൊതുമേഖല കമ്പനികളുടെ ഓഹരികളെയും ഉൾപ്പെടുത്താൻ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ 23 മുതലാണ് ഇതിന് പ്രാബല്യം. കൃത്രിമത്വം തടയാനാണ് പരിധിയിൽ കവിഞ്ഞ് വില ഉയരുമ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് അധിക നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. എ.എസ്.എം നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ട ഓഹരികൾ കർശന നിയന്ത്രണങ്ങൾ കാരണം മുന്നേറ്റം നിലനിർത്താൻ പാടുപെടും. നേരത്തേ ഈ നിയന്ത്രണങ്ങളിൽനിന്ന് പൊതുമേഖല കമ്പനികളെ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.