സ്വർണ വ്യാപാര സ്ഥാപനങ്ങളിലെ റെയ്ഡുകൾ നിർത്തണം –എ.കെ.ജി.എസ്.എം.എ
text_fieldsകൊച്ചി: സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ കേന്ദ്ര ജി.എസ്.ടി, കസ്റ്റംസ്, തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരുടെ റെയ്ഡുകളും സ്വർണം പിടിച്ചെടുക്കുന്ന നടപടികളും നിർത്തിവെക്കണമെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യമായ കണക്കുകൾ ഹാജരാക്കിയാലും സ്വർണം കണ്ടുകെട്ടുന്ന തെര. കമീഷെൻറ നിലപാട് അംഗീകരിക്കാനാകില്ല. നോട്ടിസ് നൽകി വിളിപ്പിച്ച് വ്യാപാരികൾക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി പിഴ ചുമത്തുന്നതും അംഗീകരിക്കാൻ കഴിയില്ല.
പുതിയ ആഭരണങ്ങൾക്ക് പകരം പഴയ സ്വർണം ശുദ്ധമാക്കി നിർമാതാക്കൾക്ക് നൽകാൻ കൊണ്ടുപോകുേമ്പാൾ പിടിച്ചെടുക്കുന്നു. വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വർണം വിട്ടയക്കുകയും പഴയ സ്വർണം ഉരുക്കിനൽകുന്നത് പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടി യുക്തിരഹിതമാണ്. എല്ലാ രേഖകളും തെര. കമീഷെൻറ പ്രത്യേക അനുമതിസഹിതം കൊണ്ടുവന്ന സ്വർണം കോഴിക്കോട്ട് റെയിൽവേ പൊലീസ് പിടികൂടി കസ്റ്റംസിനെ ഏൽപിച്ചു.
എല്ലാ കേന്ദ്ര ഏജൻസികളും സ്വർണമേഖലയെ മാത്രം ഉന്നംവെക്കുന്നത് പ്രതിഷേധാർഹമാണ്. കേരളത്തിൽ സ്വർണവ്യാപാരം ചെയ്യുന്നതിന് എന്ത് അനുമതിയാണ് വേണ്ടതെന്ന് വ്യക്തമാക്കണം. റെയ്ഡും അനാവശ്യ പരിശോധനകളും സ്വർണം കണ്ടുകെട്ടലും തുടർന്നാൽ സ്വർണക്കടകൾ അടച്ചിടുന്നതുൾപ്പെടെ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.