സ്വർണത്തിളക്കമുള്ള വിജയം
text_fieldsമുസ്തഫ ഹംസ (ചെയർമാൻ & സി.ഇ.ഒ മെട്രോ മെഡിക്കൽ ഗ്രൂപ്)
ചെറിയൊരു തുടക്കത്തിൽ നിന്ന് വലിയൊരു വിജയത്തിലേക്ക് വളർന്ന വിജയകഥ. മെട്രോമെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസയുടെ ജീവിതം ഒറ്റവാക്കിൽ ഇങ്ങനെ കുറിക്കാം. കുവൈത്തിലെ ജനകീയ വളർച്ചക്കുശേഷം യു.എ.ഇയിലും ആരംഭം കുറിച്ചു ആരോഗ്യ സേവന രംഗത്ത് മെട്രോമെഡിക്കൽ ഗ്രൂപ് മുൻ നിരയിൽ നിൽക്കുമ്പോൾ ഈ വളർച്ചക്കു പിന്നിലെ മുഴുവൻ ഊർജവും മുസ്തഫ ഹംസയുടെതാണ്.
‘സ്വയം സൃഷ്ടിച്ച മനുഷ്യൻ’ എന്ന് വിളിക്കാവുന്ന മുസ്തഫ ഹംസ കുവൈത്തിൽ നിന്ന് ജി.സി.സിയിൽ മൊത്തം വ്യാപനത്തിന് തയാറെടുക്കുന്ന ഒരു മെഡിക്കൽ ഗ്രൂപ്പിനെ കൂടിയാണ് സൃഷ്ടിച്ചെടുത്തത്. ഇതൊരു ചെറിയ നേട്ടമല്ല.
പ്രവാസത്തിന്റെ തുടക്കം
മലയാളികളുടെ പ്രവാസജീവിതം അതിന്റെ ഉയർന്ന നിലയിൽ എത്തുന്ന 1980 കളുടെ തുടക്കകാലത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കടന്നപ്പള്ളിയിൽ നിന്ന് മുസ്തഫ ഹംസയും ഗൾഫിലേക്ക് പറക്കുന്നത്. യു.എ.ഇ ആയിരുന്നു ആദ്യ തട്ടകം. എല്ലാ പ്രവാസികളെയും പോലെ ചെറിയ ജോലികളിൽ തുടക്കം. ഇതിനിടയിൽ ഗോൾഡ് ബിസിനസ് നടത്തുന്ന ഗുജറാത്തി സഹോദരന്മാരുമായുള്ള അടുപ്പം ജീവിതത്തിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മുസ്തഫ ഹംസയുടെ ബിസിനസ് മികവ് തെളിഞ്ഞുവന്നതും അവിടെ നിന്നാണ്. ആ മികവിൽ വലിയ വളർച്ച ഗുജറാത്തിക്കുണ്ടായി. ബിസിനസ് ആവശ്യാർഥം ജി.സി.സിയിലെ മിക്ക രാജ്യങ്ങളിലും ഇന്ത്യയിലും മുസ്തഫ ഹംസ പലതവണകൾ സഞ്ചരിക്കുന്നകാലം കൂടിയായിരുന്നു അത്. ഇതിനിടയിൽ പലപ്പോഴായി കുവൈത്തിലും എത്തി. ശാന്തസുന്ദരമായ ചെറിയ രാജ്യമായ കുവൈത്ത് അന്നുമുതലേ ഇഷ്ട ഇടവുമായിമാറി.
കുവൈത്തിലേക്ക്
ഇതിനിടയിലാണ് 1985ൽ യു.എ.ഇയിൽ നിന്ന് മുസ്തഫ ഹംസ കുവൈത്തിലെത്തിയത്. കുവൈത്ത് ഫിനാൻസ്ഹൗസ് ജീവനക്കാരനായി ആരംഭിച്ച കുവൈത്ത് തൊഴിൽ ജീവിതം വൈകാതെ നിരന്തര മാറ്റങ്ങൾക്ക് വിധേയമായി. ചുരുങ്ങിയ കാലം കൊണ്ട് ആധുരസേവന മേഖലയിൽ മുസ്തഫ ഹംസയുടെ ഗതിമാറ്റം ആരംഭിച്ചു. രോഗികളുമായും പ്രവാസികളുമായുമുള്ള നിരന്തര ഇടപെടൽ വൈകാതെ സ്വന്തമായി ഒരു മെഡിക്കൽ സെന്റർ എന്ന സ്വപനത്തിലേക്ക് മുസ്തഫ ഹംസയെ നയിച്ചു. അതിനൊടുവിൽ മെട്രോ മെഡിക്കൽ ഗ്രൂപ് എന്ന ലക്ഷ്യത്തിന് തറക്കല്ലിട്ടു. 2014ൽ കുവൈത്തിൽ ആദ്യ മെഡിക്കൽ സെന്റിലൂടെ മികച്ച ആരോഗ്യ സേവനങ്ങൾക്ക് പുത്തൻമാതൃക നൽകി മെട്രോ മെഡിക്കൽ ഗ്രൂപ്പും മുസ്തഫ ഹംസയും വിജയയാത്ര തുടങ്ങി.
സാമൂഹിക ജീവിതം
പ്രവാസത്തിന്റെ തുടക്കം മുതൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുസ്തഫ ഹംസ. കുവൈത്തിലെ പ്രവാസി സമൂഹത്തിനിടയിൽ മുസ്തഫ ഹംസ, ഹംസ പയ്യന്നൂർ എന്ന പേരിൽ പ്രസിദ്ധനായി.
നിയമങ്ങൾ അറിയാത്തതിനാലും ഭാഷാപ്രശ്നങ്ങളും കാരണം പ്രയാസപ്പെട്ട നിരവധി മലയാളികൾക്ക് ഇദ്ദേഹം ആശ്വാസമായി. വിവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിക്കാനും നാട്ടിൽ അയക്കാനും മുന്നിൽ നിന്നു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കുവൈത്ത് അധികൃതർക്ക് മുന്നിൽ എത്തിക്കാനും ശ്രമിച്ചു.
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വലിയ പ്രക്രിയകൾ നിലവിലുണ്ടായിരുന്ന ആദ്യകാലത്ത് ഈ രംഗത്തും ശ്രദ്ധേയ ഇടപെടലാണ് മുസ്തഫ ഹംസ നടത്തിയത്. മൃതദേഹ പരിപാലനം മുതൽ രേഖകൾ സമർപ്പിക്കുന്ന നടപടികൾ, വിമാനത്തിൽ കയറ്റി അയക്കൽ എന്നിവക്കെല്ലാം മലയാളികൾക്ക് പ്രധാന ആശ്രയവും ആശ്വാസവുമായി മുസ്തഫ ഹംസ. വർഷങ്ങൾക്കു മുമ്പുള്ള കുവൈത്ത് പൊതുമാപ്പ് സമയത്ത്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആയിരക്കണക്കിന് പേർക്ക് അവരുടെ രാജ്യങ്ങളിലെത്താൻ പിന്തുണ നൽകി.
കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിലും സജീവമായിരുന്നു. പ്രധാന പല ചുമതലകളും വഹിച്ചു. വിവിധ സംഘടനകളുടെ ഭാഗമായി ഇപ്പോഴും തുടരുന്നു.
മലയാള ദൃശ്യമാധ്യമങ്ങളിലൊന്നായ ജീവൻ ടിവിയുടെ പ്രതിനിധിയായി മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രവാസികളുടെ നിരവധി വിഷയങ്ങൾ പൊതുസമൂഹത്തിൽ എത്തിച്ചു. മാതൃകാ പ്രവർത്തനത്തിന് വിവിധ അസോസിയേഷനുകളിൽ നിന്നും സംഘടനകളിൽ നിന്നും നിരവധി അവാർഡുകളും അംഗീകാരങ്ങളും തേടിയെത്തി.
2014ൽ കേരള സർക്കാറിന്റെ ഗൾഫ് മലയാളി എക്സലൻസ് അവാർഡും 2015ൽ കർണാടക മുഖ്യമന്ത്രിയിൽ നിന്ന് ഘർഷോം ഇന്റർനാഷണൽ പുരസ്കാരവും ഇതിൽ അഭിമാനത്തോടെ ചൂണ്ടിക്കാട്ടാം. ഭാരതീ പ്രവാസി പുരസ്കാരത്തിന് കുവൈത്തിൽ നിന്ന് രണ്ടു തവണ മുസ്തഫ ഹംസയെ നിർദേശിക്കുകയും ഉണ്ടായി.
മെട്രോ മെഡിക്കൽ ഗ്രൂപ്
ചുരുങ്ങിയ വർഷത്തിനുള്ളിൽ മുസ്തഫ ഹംസയുടെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് കുവൈത്തിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിൽ ഒന്നായി മാറി. നിലവിൽ കുവൈത്തിൽ ആറു മെഡിക്കൽ സെന്ററുകളും ഏഴു ഫാർമസികളും കോർപറേറ്റ് ഓഫിസും ഉള്ള പ്രധാന ആധുരാലയമാണ് മെട്രോ. കുറഞ്ഞ ചെലവിൽ സമൂഹത്തെ സഹായിക്കാൻ രൂപപ്പെടുത്തിയ ശസ്ത്രക്രിയാ വിഭാഗം ഉൾക്കൊള്ളുന്ന മൾട്ടി സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററും ഇതിൽ ഉൾപ്പെടുന്നു.
ജി.സി.സി രാജ്യങ്ങളിൽ ആകമാനം തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെട്രോ മെഡിക്കൽ ഗ്രൂപ്. ഷാർജയിൽ അടുത്തിടെ ആരംഭിച്ച മെഡിക്കൽ സെന്ററിലൂടെ വിപുലീകരണ യാത്രക്ക് തുടക്കമിട്ടുകഴിഞ്ഞു.
ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എല്ലാ തലത്തിലുള്ള സമൂഹത്തിനും തുല്യ പരിഗണനകളോടെ ലഭ്യമാക്കുക എന്നതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നയം. ഏറ്റവും കുറഞ്ഞ കൺസൾട്ടേഷൻ ചാർജുകൾ നിലനിർത്തി മുന്നോട്ടു പോകുന്നതും, പണമില്ല എന്നകാരണത്താൽ ചികിത്സ തേടി എത്തുന്ന ആരെയും മടക്കി അയക്കില്ല എന്നതും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രഖ്യാപിത നിലപാടാണ്. ഇതിനാൽ തന്നെ കുവൈത്തിലെ എല്ലാ രാജ്യക്കാരുടെയും ജനകീയ ആതുരാലയം എന്ന പേരും മെട്രോമെഡിക്കൽ ഗ്രൂപ്പിന് സ്വന്തം. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത എക ഇന്ത്യൻ ആതുരാലയമാണ് മെട്രോ.
രാജ്യങ്ങൾക്കു പുറത്തേക്കു നീളുന്ന സേവനം
കോവിഡ് കാലത്ത് നിസ്സഹായരായ ജനങ്ങൾക്ക് ചികിത്സയും ഭക്ഷണവും നൽകി ചേർത്തു നിർത്തുന്നതിൽ മെട്രോ മെഡിക്കൽ ഗ്രുപ് നിർവഹിച്ച പങ്ക് വലുതാണ്. കോവിഡ് കാലത്ത് കുവൈത്ത് സർക്കാർ പ്രവർത്തനാനുമതി നൽകിയത് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സഹായകരമായി. ദുരിതകാലത്ത് ആയിരങ്ങൾക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നൽകി സേവനത്തിന്റെ മാതൃക തീർത്തു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിച്ചതിലും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റെ ഇടപെടൽ വലുതാണ്.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പിന്തുണയുമായും മെട്രോമെഡിക്കൽ ഗ്രൂപ് ഉണ്ട്. ഗസ്സയിലേക്ക് മരുന്നും മെഡികൽ വസ്തുക്കളും എത്തിക്കുന്നതിൽ ശ്രദ്ധ ചെലുത്തിവരുന്നു. 10 വർഷത്തിനിടെ പതിനായിരങ്ങൾക്ക് മെഡിക്കൽ ക്യാമ്പുവഴിയും നേരിട്ടും സൗജന്യ ചികിൽസ നൽകി സഹജീവി സ്നേഹത്തിന്റെ മാതൃകയും തീർത്തുകഴിഞ്ഞു. ഇതിനാൽ തന്നെ കുവൈത്തിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയ സ്ഥാപനമായി മെട്രോ മെഡിക്കൽ ഗ്രുപ് മാറിക്കഴിഞ്ഞു.
കുടുംബം എന്നും പിൻബലം
പയ്യന്നൂർ കടന്നപ്പള്ളിയിൽനിന്ന് മികച്ചൊരു സംരംഭകനിലേക്ക് വളർന്നതിൽ രക്ഷിതാക്കളുടെ പിൻബലം കരുത്തും അനുഗ്രഹവുമായെന്ന് വിശ്വസിക്കുന്നയാളാണ് മുസ്തഫ ഹംസ. ജീവിതയാത്രയിലെ നിത്യ പ്രചോദനമായി രക്ഷിതാക്കളെ അദ്ദേഹം കാണുന്നു. ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട മുസ്തഫ ഹംസയുടെ വളർച്ചയിൽ മാതാവാണ് തുടർന്നുള്ള പൂർണ ശ്രദ്ധ നൽകിയത്. അവർ അച്ചടക്കത്തിന്റെയും നന്മകളുടെയും മൂല്യം എന്നെ പഠിപ്പിച്ചു. അതിനൊപ്പം, സ്ഥിരോത്സാഹവും നിയന്ത്രിത ജീവിതവുമെന്ന മന്ത്രവും- ഉമ്മയെക്കുറിച്ച് മുസ്തഫ ഹംസക്ക് പറയാനുള്ളത് ഇതാണ്.
പയ്യന്നൂർ മാതമംഗലം സ്വദേശി റസിയ മുസ്തഫയാണ് ഭാര്യ. അഞ്ച് മക്കളിൽ മൂത്തമകൾ ഡോ. രസ്ന മുനൈഫയും ഭർതാവ് ഡോ.റഷീഖ് അഹമ്മദും, രണ്ടാമത്തെ മകൾ ഡോ.റിഫ മുഫൈറയും ഭർതാവ് ഡോ.റംഷാദും ആരോഗ്യസേവന മേഖലയിൽ സജീവമാണ്. മറ്റു മക്കളായ റിഫാന മുതൈബ, മുഹമ്മദ് റിയാൻ, മാസിൻ മുസ്തഫ എന്നിവർ കുവൈത്തിൽ വിദ്യാർഥികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.