സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്
text_fieldsപാലക്കാട്: കാർഷിക കലണ്ടർ പ്രകാരം 2023-24ൽ 5,59,349.05 മെട്രിക് ടൺ നെല്ല് സപ്ലൈകോ താങ്ങുവില നൽകി കർഷകരിൽനിന്ന് സംഭരിച്ചു. സംഭരണത്തിൽ ഒന്നാം സ്ഥാനം പാലക്കാടാണ്. 1.83 ലക്ഷം എം.ടി ആണ് ജില്ലയിൽനിന്ന് ഇത്തവണ സംഭരിച്ചത്. ആലപ്പുഴയിൽനിന്ന് 1.60 ലക്ഷവും തൃശൂരിൽനിന്ന് 84,918 മെട്രിക് ടണ്ണും സംഭരിച്ചു. ഇടുക്കിയിൽനിന്നാണ് ഏറ്റവും കുറവ്- 133 മെട്രിക് ടൺ.
തിരുവനന്തപുരം- 1358, കൊല്ലം -1405, പത്തനംതിട്ട- 9771, കോട്ടയം- 67,676, എറണാകുളം- 7312, മലപ്പുറം- 30,039, കോഴിക്കോട്- 798, വയനാട്- 9910, കണ്ണൂർ- 18,122, കാസർകോട്- 840 മെട്രിക് ടൺ എന്നിങ്ങനെയാണ് സംഭരണതോത്. മുൻവർഷത്തെക്കാൾ കുറഞ്ഞ സംഭരണമാണ് ഈ സീസണിൽ നടന്നത്.
2021-22ൽ 7.48 ലക്ഷം മെട്രിക് ടണ്ണും 2022-23ൽ 7.31 ലക്ഷം എം.ടിയും സംഭരിച്ചു. 2.35 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തു. രണ്ടു ലക്ഷം പേർക്ക് പി.ആർ.എസ് നൽകി. 1.71 ലക്ഷം ഹെക്ടറിൽ ഈ സീസണിൽ സംഭരണം നടത്തി.
സപ്ലൈകോ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുപ്രകാരം 126.20 കോടി രൂപ കർഷകർക്ക് നൽകി. 1457.87 കോടി രൂപ നൽകാനുണ്ട്. ബാക്കി തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ പാഡി വിഭാഗം അധികൃതർ പറഞ്ഞു. സപ്ലൈകോ സംഭരിച്ച മൊത്തം വിഹിതത്തിന്റെ 40 ശതമാനവും പാലക്കാട് ജില്ലയിൽനിന്നാണ്. ഏക്കറിൽ 2200 കിലോ വരെയാണ് സപ്ലൈകോ സംഭരിക്കുന്നത്.
എന്നാൽ, പാലക്കാട് ജില്ലയിലെ പല പാടശേഖരങ്ങളിലും ഇത്തവണ രണ്ടു സീസണിലും ഉയർന്ന ഉൽപാദനക്ഷമത ലഭിച്ചു. ഇവ പരിഗണിച്ച് ബന്ധപ്പെട്ട കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തോടെ മുഴുവൻ നെല്ലും സപ്ലൈകോ സംഭരിച്ചു. എസ്.ബി.ഐ, കനറാ ബാങ്ക് മുഖേന പി.ആർ.എസ് വായ്പയായാണ് കർഷകർക്ക് സംഭരണവില നൽകുന്നത്.
സെപ്റ്റംബർ ഒന്നു മുതൽ ജൂൺ വരെയാണ് സപ്ലൈകോ സംഭരണകാലം. കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യസംഭരണം ആരംഭിക്കുന്നത് ഒക്ടോബറിലാണ്.
എന്നാൽ, പാലക്കാട് ഉൾപ്പെടെ പല സ്ഥലത്തും ഒന്നാം വിള കൊയ്ത്ത് സെപ്റ്റംബറിൽ ആരംഭിക്കുന്നതിനാൽ സംഭരണം നേരത്തേയാക്കണമെന്ന ആവശ്യത്തെതുടർന്ന് കഴിഞ്ഞ രണ്ടു സീസൺ മുതൽ സെപ്റ്റംബറിൽ സംഭരണം തുടങ്ങി. നിലവിൽ കേന്ദ്രത്തിന്റെ താങ്ങുവില വിഹിതം 21.83 രൂപയും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതം 6.37 രൂപയുമാണ്. കൈകാര്യ ചെലവ് അടക്കം 28.32 രൂപയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.