നികുതി വർധന?; ജി.എസ്.ടി പുനഃസംഘടന പ്രഖ്യാപനം നാളെ
text_fieldsതിരുവനന്തപുരം: ബജറ്റിൽ നികുതി വർധനയുടെ സൂചന നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ച സാഹചര്യത്തിൽ നികുതി പിരിവ് ശക്തമാക്കുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 30 വർഷത്തിലേറെയായി ഒരേ നികുതി പല മേഖലയിലും നിലനിൽക്കുന്നു. നികുതി വിഹിതം കണ്ടെത്താൻ ശാസ്ത്രീയ മാർഗം തേടും. 30 വർഷം മുമ്പ് വന്ന പ്രഫഷനൽ ടാക്സ് ഇപ്പോഴും 2500 രൂപയാണ്. ഇവയടക്കം കാലോചിതമായി വർധിപ്പിക്കേണ്ടതുണ്ട്. ജി.എസ്.ടി പുനഃസംഘടന പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
പുനഃസംഘടന വഴി നികുതി പിരിവിൽ ഇക്കൊല്ലം മുതൽ പുരോഗതി വരും. വ്യവസായ-വാണിജ്യമേഖലയിലുള്ളവർ കൃത്യമായി നികുതി അടക്കണം. ഉപഭോക്താക്കൾ ബിൽ കൃത്യമായി ചോദിച്ച് വാങ്ങണം. ഇ-വേ ബിൽ അടിസ്ഥാനത്തിൽ പരിശോധനകളുണ്ടാകും. കൃത്യമായി വകുപ്പിന് വിശദാംശം നൽകിയാലേ മറ്റു സംസ്ഥാനങ്ങളിൽ അടച്ച നികുതി കേരളത്തിന് വാങ്ങാനാകൂ. മൂന്നു ലക്ഷം കോടി രൂപയാണ് അവകാശപ്പെടാത്ത നികുതി വിഹിതം. ഇതിന്റെ രണ്ടു ശതമാനമേ സംസ്ഥാനങ്ങൾക്ക് വീതം വെക്കൂ.
വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനും നടപടിയെടുക്കും. 5764 കോടിയാണ് ലഭിക്കാനുള്ളത്. ആംനസ്റ്റി പദ്ധതി വഴി 940 കോടി പിരിഞ്ഞു. ജി.എസ്.ടി നഷ്ട പരിഹാരം അഞ്ചു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് പേയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നിവയാണ് പുനഃസംഘടിപ്പിച്ച ജി.എസ്.ടി വകുപ്പിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 4000ത്തോളം ജീവനക്കാരെയാണ് പുനർവിന്യസിച്ചത്.
സംസ്ഥാന വളർച്ച 17 ശതമാനം, 13000 കോടിയുടെ നികുതി വർധന
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനം 17 ശതമാനം വളർച്ച നേടിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാജ്യത്ത് ഏറ്റവും വളർച്ചയുള്ള സംസ്ഥാനമാണ് കേരളം. സാമ്പത്തിക ബുദ്ധിമുട്ടിനിടെയാണ് ഈ നേട്ടം. കാർഷികം, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിലെല്ലാം വളർച്ച കൈവരിച്ചു. വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവ രാജ്യത്ത് കുറവ് കേരളത്തിലാണ്. 13000 കോടിയുടെ റവന്യൂ വരുമാന വർധനയാണുണ്ടായത്.
117000 കോടി രൂപയാണ് ആകെ വരുമാനം. ഇക്കൊല്ലം 10000 കോടി അധിക നികുതി വരുമാനം ഉണ്ടാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന് തരാനുള്ളത് നൽകുന്നില്ലെന്ന വസ്തുതയാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 24000 കോടി രൂപ കേന്ദ്ര വിഹിതത്തിൽ കുറഞ്ഞിട്ടുണ്ട്. വികസനത്തെ തടസ്സപ്പെടുത്തുന്ന നടപടി കേന്ദ്രം അവസാനിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങൾക്ക് ഉള്ളതിനെക്കാൾ കൂടുതൽ കടക്കെണി കേരളത്തിനില്ല. കിഫ്ബിയെ തകർക്കാൻ ശ്രമിച്ചാലും വികസന നടപടികൾ തടസ്സപ്പെടില്ല.
പെൻഷൻ കമ്പനി വഴി വായ്പയെടുത്തതിന് 3000 കോടിയാണ് കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയത്. ഫെഡറൽ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കാര്യത്തിൽ കേന്ദ്രത്തിന്റേത്. തടസ്സമുണ്ടായാൽ ഭരണഘടന കാര്യങ്ങൾ ഉറപ്പാക്കാൻ നിയമപരമായ എല്ലാ നടപടികളും സംസ്ഥാനം കൈക്കൊള്ളും. കിഫ്ബി പദ്ധതികൾക്ക് പണം കൊടുക്കുന്നതിന് ഇപ്പോൾ തടസ്സമൊന്നുമില്ല. ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ എല്ലാ റോഡുകൾക്കും 25 ശതമാനം തുക നൽകാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.