രാജ്യത്തെ കാമ്പസുകളിൽ ടാലൻറ് വേട്ട നടത്താൻ ടി.സി.എസ്; 40,000 ബിരുദധാരികൾക്ക് ജോലി നൽകും
text_fieldsമുംബൈ: ഇന്ത്യൻ കാമ്പസുകളിൽ നിന്നുള്ള 40,000 ബിരുദധാരികൾക്ക് തൊഴിൽ വാഗ്ദാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്). 2021-22 സാമ്പത്തിക വർഷത്തിലാണ് ടി.സി.എസ് ഇന്ത്യയിലെ അരലക്ഷത്തിനടുത്ത് യുവാക്കൾക്ക് അവരുടെ കമ്പനിയിൽ ജോലി നൽകുക. അഞ്ച് ലക്ഷത്തിലധികം ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ കമ്പനി 2020 ൽ 40,000 ബിരുദധാരികളെ രാജ്യത്തെ വിവിധ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്തിരുന്നു.
ആകെ തൊഴിലാളികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നതോടെ ഇന്ത്യയിൽ ഐ ടി മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി ടി.സി.എസ് മാറിയിട്ടുണ്ട്. ആഗോളതലത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ടി സി എസിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ആക്സൻച്വറിൽ 5.37 ലക്ഷം ജീവനക്കാരാണുള്ളത്.
കോവിഡ് മഹാമാരി സംബന്ധമായ നിയന്ത്രണങ്ങൾ ബിരുദധാരികളെ ജോലിക്കെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്നും കഴിഞ്ഞ വർഷം മൊത്തം 3.60 ലക്ഷം പുതുമുഖങ്ങൾ പ്രവേശന പരീക്ഷയ്ക്ക് ഹാജരായിട്ടുണ്ടെന്നും കമ്പനിയുടെ ആഗോള ഹ്യൂമൺ റിസോഴ്സ് തലവൻ മിലിന്ദ് ലക്കാഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ പ്രതിഭകളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്നും രാജ്യത്തെ ടെക് മേഖലയിലെ പ്രതിഭകൾക്ക് വേതനം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചില സ്റ്റാർട്ടപ്പുകളുടെയും തങ്ങളുടെ എതിരാളികളുടെയും ആശങ്ക തള്ളിക്കളയുന്നതായും കമ്പനി വ്യക്തമാക്കി. അതോടൊപ്പം, കഴിഞ്ഞ വർഷം അമേരിക്കൻ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുത്ത് 2,000 ട്രെയിനികളെയാണെങ്കിൽ ഇൗ വർഷം ആ സംഖ്യ കൂട്ടാനും തങ്ങൾ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രായോഗികമായ സമീപനങ്ങൾ കൈക്കൊണ്ടതിെൻറ ഫലമായി ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച വെല്ലുവിളികളെ മറികടക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ എൻ. ഗണപതി സുബ്രഹ്മണ്യൻ അറിയിച്ചു.
ടി.സി.എസ് കമ്പനിയെ ചെറുതും സ്വയംഭരണാധികാരമുള്ളതുമായ വിവിധ സ്ഥാപനങ്ങളായി വിഭജിച്ചു, മുകളിൽ നിന്നുള്ള പിന്തുണയോടെ അവ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നു, -കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.
ഈ പാദത്തിൽ 45,111 കോടി രൂപയുടെ വരുമാനമാണ് ടി.സി.എസ് രേഖപ്പെടുത്തിയത്. ഇതോടെ വാർഷിക വരുമാനത്തിൽ 18.5 ശതമാനത്തിെൻറ വർദ്ധനവാണുണ്ടായത്. അത് കൂടാതെ, 28.5 ശതമാനം വളർച്ചയോടു കൂടി ടി.സി.എസ് 9,008 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. 8.1 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളിലാണ് ഈ വർഷത്തിെൻറ ആദ്യ പാദത്തിൽ കമ്പനി ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.