ക്ഷീരമേഖലക്ക് അഭിമാനമായി മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട്
text_fieldsമൂന്നാർ: കേരളത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് കരുത്തേകിയ സങ്കരവർഗ കന്നുകാലികളുടെ മുഖ്യ പ്രജനനകേന്ദ്രമാണ് മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട്. പാൽ ഉൽപാദനം മെച്ചപ്പെടുത്തി സംസ്ഥാനത്ത് ലക്ഷക്കണക്കിന് ക്ഷീരകർഷകർ മികച്ച വരുമാനത്തിലൂടെ ദാരിദ്യരേഖക്ക് മുകളിലെത്തിയെന്ന ചരിത്രവസ്തുതക്ക് ഈ കേന്ദ്രം നൽകിയ സംഭാവന ഏറെ വലുതാണ്. കൃതിമ ബീജസങ്കലനം വഴിയാണ് ഈ നേട്ടം കൈവരിക്കാനായത്. കൃത്രിമ ബീജസങ്കലനത്തിലൂടെ സുനന്ദിനി എന്ന കേരളത്തിന്റെ തനത് സങ്കരവർഗ കന്നുകാലി ജനുസ്സിന്റെ ജന്മസ്ഥലം കൂടിയാണ് മാട്ടുപ്പെട്ടി.
1963ൽ സ്വിസ് അംബാസഡറുടെ മൂന്നാർ സന്ദർശന വേളയിലാണ് കന്നുകാലി ഗവേഷണ രംഗത്ത് മാട്ടുപ്പെട്ടിയുടെ സാധ്യത വിലയിരുത്തപ്പെട്ടത്. തുടർന്ന് സ്വിസ് സർക്കാറിന്റെ സഹകരണത്തോടെ അതിനുള്ള പദ്ധതി തയാറാക്കി. മാട്ടുപ്പെട്ടിയിൽ സ്കൂളിനായി നീക്കിയിട്ടിരുന്ന സ്ഥലം സംസ്ഥാന കന്നുകാലി വികസന ബോർഡിന് വിട്ടുനൽകിയതോടെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഗാഢ ശീതീകൃത ബീജോൽപാദനകേന്ദ്രം സ്ഥാപിതമായതും 1967ൽ ബീജോൽപാദനം ആരംഭിച്ചതും.
ഇന്തോ-സ്വീസ് എന്ന താൽക്കാലിക വകുപ്പിന് കീഴിലായിരുന്നു പ്രവർത്തനം. പിന്നീട് 1985ൽ മിൽമക്ക് കൈമാറി. അത്യുൽപാദന ശേഷിയുള്ള മൂരിക്കുട്ടികളെ ഉൽപാദിപ്പിക്കുകയും അതുവഴി ബീജശേഖരണം നടത്തുകയും ചെയ്യുന്നതിന് ആധുനിക ബുൾ മദർ ഫാം ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.
കാളക്കുട്ടികൾക്ക് ഒന്നര വയസ്സുമുതൽ പരിശീലനം നൽകി രണ്ട് വയസ്സാകുമ്പോഴേക്കും ബീജശേഖരണത്തിന് പ്രാപ്തമാകുന്ന മൂരിയായി മാറ്റും. 510 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഗവേഷണ കേന്ദ്രത്തിൽ പരമ്പരാഗത കന്നുകാലി പരിപാലന രീതിവിട്ട് നൂതന മുറകളാണ് അവലംബിക്കുന്നത്. തീറ്റ, ജലപാനം, കറവ, വിശ്രമം എന്നിവക്കെല്ലാം പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു. കന്നുകാലികൾക്ക് സമീകൃത ആഹാരം ഒരുക്കുന്നതിനുള്ള യന്ത്രവത്കൃത സംവിധാനവും ഇവിടെയുണ്ട്.
ഒരേസമയം 12 പശുക്കളെ കറക്കുന്നതിനുള്ള പാർലർ സംവിധാനവും ഇവിടെ കാണാം. ഓരോ പശുവിൽനിന്നും ലഭിക്കുന്ന പാലിന്റെ അളവും കമ്പ്യൂട്ടർ രേഖപ്പെടുത്തും. കറന്നെടുക്കുന്ന പാൽ മനുഷ്യസ്പർശം കൂടാതെ അകിടിൽനിന്ന് സംഭരണിയിലേക്ക് എത്തുന്നതുവഴി പരിശുദ്ധി നിലനിർത്താനും കഴിയുന്നു. ഒരു ദിവസം രണ്ടു തവണവീതം പശുക്കളുടെ തൂക്കവും രേഖപ്പെടുത്തും. ഗഷേണകേന്ദ്രത്തിലെ തീറ്റപ്പുൽകൃഷിക്ക് ഇവിടുത്തെ ചാണകമിശ്രിതമാണ് ഉപയോഗിക്കുന്നത്.
കുന്നുംമലയും പുൽമേടുകളും നിറഞ്ഞ് പ്രകൃതിമനോഹരമായ ഇൻഡോ-സ്വിസ് പദ്ധതിപ്രദേശം ഒരു പതിറ്റാണ്ട് മുമ്പുവരെ സിനിമക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയായിരുന്നു. വിവിധ ഭാഷകളിലായി ഒട്ടേറെ ജനപ്രിയ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കന്നുകാലികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഇവിടെ ഇപ്പോൾ സന്ദർശക നിരോധനമുള്ളതിനാൽ സിനിമ ചിത്രീകരണവും അനുവദിക്കുന്നില്ല. അഞ്ചര പതിറ്റാണ്ടിനിടെ കേരളത്തിന്റെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് അടുപ്പിച്ച മാട്ടുപ്പെട്ടിയിലെ ഈ ഗവേഷണ കേന്ദ്രം മൂന്നാറിനും ഇടുക്കി ജില്ലക്കും മാത്രമല്ല രാജ്യത്തിനാകെത്തന്നെ അഭിമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.