കേന്ദ്ര വിഹിതത്തിലെ കുറവ് പ്രതിസന്ധി സൃഷ്ടിക്കും
text_fieldsതിരുവനന്തപുരം: കേന്ദ്ര വിഹിതത്തിൽ വൻ കുറവ് വരുത്തിയതിന് പുറമെ പുതിയ വർഷത്തിൽ കടമെടുപ്പ് അനുമതി വൈകിപ്പിച്ചത് സാമ്പത്തിക വർഷാരംഭത്തിൽ സംസ്ഥാനത്തെ വിഷമവൃത്തത്തിലാക്കി. ജി.എസ്.ടി. നഷ്ടപരിഹാരം ജൂലൈയിൽ നിലക്കും. ധനകാര്യ കമീഷന്‍റെ വിഹിതത്തിലും വരും വർഷങ്ങളിൽ കുറവ് വരും. കഴിഞ്ഞവർഷം 19891 കോടി ലഭിച്ചത് ഇക്കൊല്ലം 13174 കോടിയാകും. കടമെടുപ്പ് പരിധി തുകയിൽ പി.എഫ് അടക്കമുള്ള വിവിധ ഇനങ്ങൾ കുറച്ചാൽ തുക വീണ്ടും ചെറുതാകും.
വിഹിതത്തിൽ കുറവ് വരുമ്പോഴും ചെലവ് കുറക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം, പെൻഷൻ, പലിശ, സബ്സിസി, ആരോഗ്യ-വിദ്യാഭ്യാസ മേഖല എന്നിവയിലൊന്നും കുറവ് വരുത്താനാകില്ല. ഏപ്രിലിൽ ശമ്പള-പെൻഷൻ-പലിശ ചെലവുകളാണ് പ്രധാനമായും വരുന്നത്. പദ്ധതിപ്രവർത്തനങ്ങൾക്ക് വേഗം വന്നിട്ടില്ല. ശമ്പളത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം 4500 കോടി വേണം.
ഏപ്രിലിൽ ട്രഷറി നിയന്ത്രണം നേരത്തേ ഏർപ്പെടുത്തേണ്ടിവന്നു. ജൂണിലെ ശമ്പളവിതരണത്തിന് ഇപ്പോഴത്തെ നിലയിൽ പ്രശ്നങ്ങളില്ല. എന്നാൽ കേന്ദ്രാനുമതി വൈകിയാൽ എല്ലാം പ്രതിസന്ധിയിലാകും. ട്രഷറി നിശ്ചലമാകും. ദൈനംദിന പ്രവർത്തനങ്ങളും താളംതെറ്റും.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കിഫ്ബി കടമെടുപ്പിനെതിരെ സി.എ.ജി രംഗത്തുവന്നിരുന്നു. ബജറ്റിന് പുറമെ സർക്കാർ ഏജൻസികൾ വഴി നടത്തുന്ന കടമെടുക്കലുകളുടെ വിവരവും ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്നായിരുന്നു നിലപാട്. കിഫ്ബി വായ്പകൾ ആകസ്മിക വായ്പകളാണെന്നായിരുന്നു സർക്കാർ നിലപാട്. നിയമസഭയിൽ കണക്ക് വെച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഈ മറുപടി സി.എ.ജി അംഗീകരിച്ചില്ല. ഇതേ നിലപാടാണ് ഇപ്പോൾ കേന്ദ്ര സർക്കാറും സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.