സംസ്ഥാന ജി.എസ്.ടി വകുപ്പിൽ പുനഃസംഘടന വരുന്നു: 16 ഓഡിറ്റ് യൂനിറ്റുകൾ രൂപവത്കരിച്ചു
text_fieldsതൃശൂർ: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് (ജി.എസ്.ടി) പുനഃസംഘടന അടുത്ത സാമ്പത്തികവർഷം മുതൽ നടപ്പാക്കും. രൂപരേഖ തയാറായി. ജി.എസ്.ടിയിൽ കച്ചവടക്കാരും സേവനദാതാക്കളും നിലവിൽ സ്വയം വിലയിരുത്തിയാണ് നികുതി റിട്ടേണുകൾ നൽകുന്നത്. ഇക്കാര്യത്തിൽ പ്രതിമാസ, ത്രൈമാസ പരിശോധന നടത്താൻ ടാക്സ് പേയേഴ്സ് സർവിസ് വെർട്ടിക്കൽ സംവിധാനമടക്കം പുതുതായി ഏർപ്പെടുത്തും. റീഫണ്ട് അനുവദിക്കൽ, റിട്ടേൺ ഫയലിങ് മോണിറ്ററിങ്, മറ്റ് വിഭാഗങ്ങളിലെ വിവിധ പ്രവർത്തനങ്ങളുടെ തീർപ്പാക്കൽ, കുടിശ്ശിക പിരിവ് എന്നിവ ഈ വിഭാഗത്തിനായിരിക്കും.
കെ.ജി.എസ്.ടി, വാറ്റ്, കെ.എം.എൽ, ആഡംബര നികുതി തുടങ്ങിയ ജോലിയും ഇൗ വിഭാഗം നിർവഹിക്കും. പുതുതായി വരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ സെൻട്രൽ രജിസ്ട്രേഷൻ യൂനിറ്റ് തിരുവനന്തപുരത്ത് പ്രവർത്തിക്കും. വർഷത്തിൽ 10,000 ഫയലുകൾ ഓഡിറ്റ് ചെയ്യാൻ 140 ഓഡിറ്റ് യൂനിറ്റുകൾ സ്ഥാപിക്കും. ഓഡിറ്റ് അഡീഷനൽ കമീഷണർ നേതൃത്വം നൽകുന്ന ഈ വിഭാഗത്തിൽ മൂന്ന് ഓഡിറ്റ് ജില്ലകളെങ്കിലും രൂപവത്കരിക്കും.
പരിഷ്കാര ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ 16 ഓഡിറ്റ് യൂനിറ്റുകൾ രൂപവത്കരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ വിന്യസിച്ചു. ജനുവരി ഒന്നുമുതൽ പ്രവർത്തനം തുടങ്ങും.
നിലവിലുള്ള 93 ഇൻറലിജൻസ്/എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ എണ്ണം വർധിപ്പിക്കും. റിവ്യൂ സെൽ, ലീഗൽ സെൽ, ടാക്സ് റിസർച് ആൻഡ് പോളിസി സെൽ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പെർഫോർമൻസ് മോണിറ്ററിങ് സെൽ, അപ്പീൽ സെൽ, ഡാറ്റ അനലറ്റിക് സെൽ, ഐ.ടി മാനേജ്മെൻറ് സെൽ എന്നിങ്ങനെ പുതിയ വിഭാഗങ്ങൾക്കും തുടക്കമിടും. നിലവിലുള്ള എസ്റ്റാബ്ലിഷ്മെൻറ് വിങ്ങിനെയും പുനഃസംഘടിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.