ബിസിനസ് സമൂഹം നേരിടുന്ന ജി.എസ്.ടി പ്രശ്നങ്ങൾക്ക് കേന്ദ്രബജറ്റിൽ പരിഹാരമില്ല -അഡ്വ. കെ.എസ്. ഹരിഹരൻ
text_fieldsകോഴിക്കോട്: ബിസിനസ് സമൂഹം നേരിടുന്ന ജി.എസ്.ടി പ്രശ്നങ്ങൾക്ക് കേന്ദ്ര ബജറ്റിൽ പരിഹാരം നിർദേശിച്ചിട്ടില്ലെന്ന് ജിഎസ്ടി ഫാക്കൽറ്റി അഡ്വ. കെ.എസ്. ഹരിഹരൻ. ഇൻകം ടാക്സ് നിയമത്തിൽ പ്രതീക്ഷിച്ച മാറ്റങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ബജറ്റിനെ കുറിച്ചുള്ള പ്രതികരണം:
ഒരു ബജറ്റിലൂടെ ജി.എസ്.ടി ആക്റ്റിലും റൂൾസിലും മാറ്റങ്ങൾ വരുത്തുന്നതിൽ ധനകാര്യമന്ത്രിക്ക് പരിമിതികളുണ്ട്. എങ്കിൽപോലും, നയപരമായ പല കാര്യങ്ങളും ബജറ്റിലൂടെ ചെയ്യാൻ ധനകാര്യമന്ത്രിക്ക് കഴിയും. പക്ഷേ അത്തരം ഒരു കാര്യവും ഈ ബജറ്റിലൂടെ ധനകാര്യമന്ത്രി ചെയ്തതായി കാണുന്നില്ല. ഇത് ഖേദകരമാണ്. കുറഞ്ഞ പക്ഷം ഇപ്പോൾ ബിസിനസ് സമൂഹം അനുഭവിക്കുന്ന പല ജി.എസ്.ടി പ്രശ്നങ്ങൾക്കും ജി.എസ്.ടി കൗൺസിലിലൂടെ പരിഹാരം കണ്ടെത്താനായി ശ്രമിക്കുമെന്ന ഒരു ഉറപ്പു പോലും ഈ ബജറ്റിൽ ഉൾക്കൊള്ളിക്കാത്തത് പുനഃപരിശോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻകം ടാക്സ് നിയമത്തിൽ കുറെയേറെ മാറ്റങ്ങൾ പ്രതീക്ഷിച്ചു. അത് പലതും യാഥാർഥ്യമായില്ല. എങ്കിൽ പോലും അപ്പീൽ നടപടികളിൽ റിമാൻഡ് ചെയ്യാൻ ഉതകുന്ന രീതിയിലുള്ള മാറ്റങ്ങൾ ഇൻകം ടാക്സ് നിയമത്തിൽ കൊണ്ടു വന്നിട്ടുള്ളത് ആശ്വാസകരമാണ്. ഇൻഫ്രാസ്ട്രക്ചർ രംഗത്ത് കാർഷികമേഖലയുടെ ഡിജിറ്റലൈസേഷൻ, ക്ലൈമറ്റ് ഫിനാൻസ് എന്ന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിച്ചു വരുന്ന ഒരു ആശയത്തെ ഈ ബജറ്റിൽ അവതരിപ്പിച്ചത്, പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികൾക്കും സംരംഭങ്ങൾക്കുമെല്ലാം പ്രോത്സാഹനം നൽകും എന്നു പ്രഖ്യാപിച്ചത്, ഇതെല്ലാം വളരെ ആശ്വാസകരമാണ്.
അതുപോലെ, ചെറുപ്പക്കാർക്ക് 5,000 വരെ സ്റ്റൈപ്പന്‍റോട് കൂടിയ ഇന്റേൺഷിപ്പ് ചെയ്യാൻ ഒരുപാട് വേദികൾ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുമെന്നും അഡ്വ. കെ.എസ്. ഹരിഹരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.