തിരുവനന്തപുരം ലുലു മാളിൽ നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഷോപ്പിങ്ങിെൻറ തലസ്ഥാനമൊരുക്കി ലുലു മാൾ തുറന്നു. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. 1971ലെ ഇന്ത്യ - പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
മുഖ്യമന്ത്രി നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ എല്ലാവരും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, എം.പിമാരായ ശശി തരൂർ, ജോസ് കെ. മാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ, നടൻ മമ്മൂട്ടി എന്നിവർ ആശംസ നേർന്നു. യു.എ.ഇ വിദേശ-വ്യാപാരമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു.
തലസ്ഥാനത്ത് മഹാവിസ്മയം തീർത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച വി.ഡി. സതീശൻ കേരളത്തെ സ്നേഹിക്കുന്ന വ്യവസായിയാണ് യൂസഫലിയെന്ന് പറഞ്ഞു. കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാർഥ്യമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി പറഞ്ഞു. യൂസഫലിയുടേത് വിലമതിക്കാനാകാത്ത സേവനങ്ങളെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വ്യവസായ - തൊഴിൽ സംരംഭങ്ങളിൽ ബിഗ് ബ്രാൻഡായി യൂസഫലി തുടരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.
പരിസ്ഥിതി സൗഹൃദമായ നിർമാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പിന് കൗൺസിൽ ചെയർമാൻ വി. സുരേഷ് കൈമാറി. ചടങ്ങിനുശേഷം മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും മാളിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി. രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് ആക്കുളത്ത് മാൾ ഉയർന്നത്. രണ്ടുലക്ഷം ചതുരശ്ര അടിയിലെ ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിെൻറ മുഖ്യ ആകർഷണം. ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങ്ങിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ.
ഇരുന്നൂറിൽപരം രാജ്യാന്തര ബ്രാൻഡുകളാണ് മാളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2500 പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ്കോർട്ടും പ്രത്യേകതയാണ്.
നാടിനെ വ്യവസായ സൗഹൃദമാക്കാൻ ശ്രമിക്കുേമ്പാൾ ചിലർക്ക് ദ്രോഹമനഃസ്ഥിതി –മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിനെ വ്യവസായ സൗഹൃദമാക്കാൻ വലിയ ശ്രമം നടത്തുമ്പോൾ ദ്രോഹമനഃസ്ഥിതിയോടെ ചിലർ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലുലു മാൾ തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായം ആരംഭിക്കുമ്പോൾ ഇത്തരക്കാർ പരാതികൾ അയച്ചുതുടങ്ങും. രാഷ്ട്രപതിയിൽ തുടങ്ങി പഞ്ചായത്തിൽവരെ പരാതികൾ അയച്ച് പ്രയാസം സൃഷ്ടിക്കും. അത് നാടിന് വലിയ ശാപമാണ്. അത്തരക്കാരെ കൃത്യമായി തിരിച്ചറിയാൻ സാധിക്കണം. നാടിനും നാടിെൻറ വികസനത്തിനും എതിരാണിവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംരംഭങ്ങൾക്കുള്ള തടസ്സം നീക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകുന്ന നിലയിലേക്ക് മാറി. എം.എസ്.എം.ഇകൾ തുടങ്ങി മൂന്ന് വർഷത്തിനുശേഷം ലൈസൻസ് നേടിയാൽ മതി. കഴിഞ്ഞ കുറച്ച് നാൾക്കകം 3200 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4700 എം.എസ്.എം.ഇകൾ പുതുതായി ആരംഭിച്ചു. പുതിയ ഒട്ടേറെ സംരംഭങ്ങൾ വരേണ്ടതുണ്ട്. അതിന് പശ്ചാത്തല സൗകര്യവികസനം പ്രധാനമാണ്. ഗതാഗതസൗകര്യം നല്ലതുപോലെ വികസിപ്പിക്കാനാകണം. കേരളത്തിെൻറ അനൗദ്യോഗിക അംബാസഡർ എന്ന നിലയിലാണ് എം.എ. യൂസഫലിയെ കാണുന്നത്. വിവിധ രാജ്യങ്ങളോടും ഭരണാധികാരികളോടും അദ്ദേഹം കേരളത്തിനുവേണ്ടി വാദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.