നിക്ഷേപകരെ ആകർഷിക്കാൻ വിവിധ പദ്ധതികൾ -കിരീടാവകാശി
text_fieldsമനാമ: ബഹ്റൈനിലേക്ക് നിക്ഷേപകരെയും അന്താരാഷ്ട്ര തലത്തിലെ പ്രശസ്ത സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിന് വിവിധ പദ്ധതികളുള്ളതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.ബി.ഡബ്ല്യു.സി മിഡിലീസ്റ്റ് കമ്പനി പ്രതിനിധികളെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക, വ്യവസായിക, ആരോഗ്യ മേഖലകൾക്ക് സേവനത്തിനായി കൺസൽട്ടിങ് കമ്പനികൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും മേഖലയിലെ വിവിധ രാജ്യങ്ങളിൽ സേവനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും കമ്പനി പ്രതിനിധികൾ സംസാരിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുതിയ കമ്പനികളുടെ കടന്നുവരവ് ഏറെ സഹായകമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
സിറ്റിസ്കേപ്പ് ബഹ്റൈൻ 2023 തുടങ്ങി
മനാമ: സിറ്റിസ്കേപ്പ് ബഹ്റൈൻ 2023 സെക്കൻഡ് എഡിഷൻ സഖീറിലെ എക്സിബിഷൻ വേൾഡിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ വിവിധ വ്യവസായങ്ങളെ പിന്തുണക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യവികസനം ത്വരിതപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികരംഗം നൂതനവും ബഹുമുഖവുമായ പദ്ധതികളിലൂടെ വൈവിധ്യവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ആഗോള നിക്ഷേപകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താൻ സിറ്റിസ്കേപ്പ് ബഹ്റൈൻ സഹായകമാകും. നൈപുണ്യവും അർപ്പണബോധവുമുള്ള തൊഴിൽശക്തി രാജ്യത്തിന്റെ ആഗോളതലത്തിലുള്ള സ്ഥാനം ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദർശനത്തിന്റെ സംഘാടകരോട് അദ്ദേഹം നന്ദി അറിയിച്ചു.
സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ പ്രസിഡന്റും സിറ്റിസ്കേപ്പ് ബഹ്റൈൻ 2023ന്റെ തയാറെടുപ്പിനും ഓർഗനൈസേഷനുമുള്ള സുപ്രീം കമ്മിറ്റിയുടെ ചെയർമാനുമായ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, സാമ്പത്തിക വളർച്ചയെ നയിക്കുന്ന ഒരു സുപ്രധാന മേഖലയെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഹമദ് രാജാവും കിരീടാവകാശിയും നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞു. എട്ടു ബില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇവന്റാണ് സിറ്റിസ്കേപ്പ്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ. നിക്ഷേപകർ, ആർക്കിടെക്ടുകൾ, എൻജിനീയറിങ് കൺസൽട്ടന്റുമാർ, കരാറുകാർ, നിക്ഷേപകർ, പ്രോപ്പർട്ടി വാങ്ങുന്നവർ എന്നിവർക്ക് പ്രദർശനം പ്രയോജനപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.