കാർ വാങ്ങാൻ ക്രെഡിറ്റ് കാർഡ്
text_fieldsകാർ വാങ്ങിയാൽ സിംഗപ്പൂരിലേക്ക് രണ്ട് വിമാന ടിക്കറ്റുകളുടെ കാഷ്ബാക്ക് ലഭിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. കാറിന്റെ വില ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നൽകുന്നതിലൂടെ നിങ്ങൾക്കത് സാധ്യമാണ്. കാർ വാങ്ങാനുള്ള മുഴുവൻ തുക അല്ലെങ്കിൽ മുൻകൂർ തുക (ഡൗൺ പെയ്മെന്റ്) കൈയിലുണ്ടെങ്കിൽ നേരിട്ട് നൽകുന്നതിനുപകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചാൽ റിവാർഡുകൾ സ്വന്തമാക്കാം. പക്ഷേ, സമയത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക തീർക്കാൻ മറക്കരുത്. നേരിട്ടോ ചില ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ പണമടക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ വാർഷിക ഫീസ് ഇളവ്, റിവാർഡുകൾ, ആക്സിലറേറ്റഡ് റിവാർഡ് (മുൻകൂട്ടി നിശ്ചയിച്ച ചെലവ് പരിധി കവിഞ്ഞാൽ കാർഡ് ഉടമക്ക് ലഭിക്കുന്ന അധിക റിവാർഡുകൾ), കാഷ്ബാക്ക് തുടങ്ങിയ വിവിധ രീതികളിലാണ് നേട്ടം. 10 ലക്ഷം രൂപ നൽകി കാർ വാങ്ങിയാൽ രണ്ട് ശതമാനം റിവാർഡ് റിട്ടേൺ നിരക്ക് 20,000 രൂപയാണ്. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ വാർഷിക ഫീസ് ഇളവുകളും വെൽക്കം ബോണസ് പോയന്റുകളും ലഭിക്കും.
പക്ഷേ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുമുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ചില ക്രെഡിറ്റ് കാർഡ് പേയ്‌മെൻറുകൾക്ക് കാർ ഡീലർമാർ രണ്ട് ശതമാനം അധിക ഫീസ് ഈടാക്കാറുണ്ട്. ചില കാർഡുകൾക്ക്, ഈ ഫീസ് മൂന്ന് മുതൽ നാലു ശതമാനം വരെ ആയിരിക്കും. ഇങ്ങനെ ഫീസ് ഈടാക്കുന്നതിലൂടെ, മർച്ചൻറ് ഡിസ്കൗണ്ട് നിരക്ക് അഥവാ വ്യാപാരി കിഴിവ് നിരക്ക് (എം.ഡി.ആർ) ഉപഭോക്താവിനു മേൽ ചുമത്തുകയാണ് ഡീലർമാർ ചെയ്യുന്നത്. ക്രെഡിറ്റ് ,ഡെബിറ്റ് കാർഡ് പണമടവ് സ്വീകരിക്കുന്നതിന് വ്യാപാരികളിൽനിന്ന് ബാങ്കുകൾ ഈടാക്കുന്ന ഫീസാണ് എം.ഡി.ആർ. ഈ ഫീസ് ഒരു ശതമാനത്തിൽ താഴെയായി കുറക്കാൻ കഴിയും. മികച്ച നിരക്ക് നൽകാൻ തയാറുള്ളതെന്ന് കണ്ടെത്താൻ കാർ വാങ്ങുംമുമ്പ് നാലോ അഞ്ചോ ഡീലർമാരോട് അന്വേഷിക്കണം. ഈ ഫീസ്, കിട്ടുന്ന റിവാർഡ് നിരക്കിനേക്കാൾ കുറവാണോയെന്ന് പരിശോധിക്കുക.
കാർ വാങ്ങൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. ക്രെഡിറ്റ് കാർഡ് ഉടമ ഒരു മാസം ക്രെഡിറ്റ് പരിധിയുടെ 30-40 ശതമാനത്തിൽ കൂടുതൽ ഉപയോഗിച്ചാൽ അത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും, നിങ്ങൾ കൂടുതൽ ക്രെഡിറ്റിനെ ആശ്രയിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
നല്ല ക്രെഡിറ്റ് സ്‌കോറിന്, ക്രെഡിറ്റ് വിനിയോഗ അനുപാതം ഏകദേശം 30-40 ശതമാനം നിലനിർത്തണം. 50 ശതമാനത്തിൽ കൂടുതലായാൽ നെഗറ്റിവാകും. ഇത് പിന്നീട് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.അമിത പലിശ നൽകേണ്ടി വന്നേക്കാം. കാർഡ് മുഖേന അടച്ച ആകെ തുക ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം കവിഞ്ഞെങ്കിൽ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻറ് തയാറാകും മുമ്പുതന്നെ കുടിശ്ശിക തുക പൂർണമായും അടച്ചാൽ ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടില്ല. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡിലൂടെ ഒരും മാസം മൂന്നുലക്ഷം രൂപയുടെ ഇടപാടുകൾ നടത്തുന്നു. കാർഡ് സ്റ്റേറ്റ്‌മെന്റ് എല്ലാ മാസവും 25ന് ലഭിക്കുമെന്ന് കരുതുക. 25ന് മുമ്പ് രണ്ടുലക്ഷം നിങ്ങൾ അടച്ചാൽ, നിങ്ങളുടെ സ്റ്റേറ്റ്‌മെന്റിൽ ഒരുലക്ഷം മാത്രമേ കുടിശ്ശിക കാണിക്കൂ. ഈ തുക മാത്രമേ ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടൂ.
ഏറ്റവും ശ്രദ്ധിക്കേണ്ട രണ്ട് കാര്യം
- ബില്ലിങ് സമയത്തിനുള്ളിൽ കുടിശ്ശിക തീർക്കാൻ മതിയായ പണമുണ്ടെങ്കിൽ മാത്രമേ കാർ വാങ്ങലുകൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പ്രയോജനകരമാകൂ.
- ക്രെഡിറ്റ് കാർഡുകളിൽ കാറിന് ലോൺ ലഭിക്കുന്നതുമായി ഈ രീതി ആശയക്കുഴപ്പത്തിലാക്കരുത്. ക്രെഡിറ്റ് കാർഡ് ലോണുകൾക്ക് അധിക പലിശ നിരക്കുണ്ട്. 15-25 ശതമാനം വരെ. ഇത് വാഹന വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.