ജൈടെക്സ് വഴി കേരളത്തിന് ലഭിച്ചത് 500 കോടിയുടെ നിക്ഷേപം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സ് ഗ്ലോബലിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപമെന്ന് സ്റ്റാർട്ടപ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ.
കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ മേളയിൽ സജീവസാന്നിധ്യമാണ്. മുൻ വർഷങ്ങളിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾക്കെല്ലാം മികച്ച നിക്ഷേപം നേടാനായി. ഇത്തവണയും വിവിധ മേഖലകളിലെ മികച്ച സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് ജൈടെക്സിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ പുരോഗമിക്കുന്ന നോർത്തേൺ സ്റ്റാർ സ്റ്റാർട്ടപ് മേളയിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ 27 സ്റ്റാർട്ടപ്പുകളാണ് മേളയിൽ മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസരംഗം കേന്ദ്രീകരിച്ചുള്ള ആശയങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടത്. രോഗികൾക്ക് മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ ഡോക്ടർമാരെ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ മുതൽ പുതിയ സംരംഭകർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതികൾവരെ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
ഡോക്ടർമാർക്ക് രോഗികളുടെ മുഴുവൻ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണ് ഇതിൽ ഏറെ ആകർഷകം. അതോടൊപ്പം ഹോട്ടലുകളിലും വീടുകളിലും സുരക്ഷ ഉറപ്പാക്കുന്ന മികച്ച ആപ്ലിക്കേഷനുകളും പ്രദർശനത്തിലുണ്ട്. ഏറ്റവും കുറഞ്ഞനിരക്കിൽ ഇവ ലഭ്യമാകുന്നുവെന്നതാണ് കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവെക്കുന്ന പ്രധാനകാര്യം.
സർവേ സ്പാരോ, കോഡിലർ, ഡ്രിം ലൂപ്, ഹൊറിസോൺ, ഫ്ലോഫ്ലക്സ്, റോഡ് മേറ്റ്, എജുപോർട്ട്, എക്സ്പ്രസ് ബേസ്, സീറോവാട്ട്, ട്രാവിഡക്സ്, പപ്പിജോ, ബില്യൺ ലൈവ്സ്, സാസ് ഓർഡർ, യു.പി ബഫ്.കോം തുടങ്ങിയവയാണ് കേരളത്തിൽനിന്നുള്ള പ്രധാന സ്റ്റാർട്ടപ്പുകൾ. അതേസമയം, ജൈടൈക്സിന്റെ രണ്ടാം ദിനത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ കാലുകുത്താൻ ഇടമില്ലാത്തവിധം ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. മെട്രോ ട്രെയിൻ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം വൻ തിരക്കായിരുന്നു.
മാറുന്ന കാലത്ത് പ്രതിനിധീകരിക്കുന്ന നൂതനമായ ആശയങ്ങളെ അടുത്തറിയാനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ബിസിനസ് പ്രമുഖരും കമ്പനി പ്രതിനിധികളും ഉൾപ്പെടെ പതിനായിരക്കണക്കിന് സന്ദർശകരാണ് വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്.
ജൈടെക്സിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന എക്സ്പാന്റ് നോർത്തേൺ സ്റ്റാർ പ്രദർശനം നടക്കുന്ന ദുബൈ ഹാർബർ വേദിയിലും നല്ല തിരക്കായിരുന്നു. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ടുലക്ഷം സന്ദർശകർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.