ഇന്നും കുതിച്ചുയർന്ന് സ്വർണം; അഞ്ച് ദിവസത്തിനിടെ കൂടിയത് 2,320 രൂപ
text_fieldsകൊച്ചി: റെക്കോഡ് വിലയിലെത്തിയ ശേഷം ഇടിഞ്ഞുതാഴ്ന്ന സ്വർണം തുടർച്ചയായി അഞ്ചാം ദിവസവും ഉയരങ്ങളിലേക്ക്. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 7,225 രൂപയും പവന് 640 രൂപ വർധിച്ച് 57,800 രൂപയുമായി.
ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു പവൻ വില. 14ാം തീയതി 55,480 രൂപയായി ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച മുതൽ തിരിച്ചുകയറാൻ തുടങ്ങി. അഞ്ചുദിവസത്തിനിടെ 2,320 രൂപയാണ് പവന് കൂടിയത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വർണവില 2,685 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.50 ആണ്.
യു.എസ് പ്രസിഡൻറ് ആയി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ യുക്രെയ്ൻ -റഷ്യ, ഇസ്രായേൽ -ഗസ്സ, ഇറാൻ, ലബനാൻ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള സംഘർഷാവസ്ഥ ആളിക്കത്തിക്കാൻ നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണവില വർധിക്കാൻ കാരണം.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം ആണ് ഇപ്പോൾ കാണുന്നത്. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ 250 ഡോളറിന്റെ വ്യത്യാസം രേഖപ്പെടുത്തി. അന്താരാഷ്ട്ര സ്വർണവില 2798 ഡോളറിലേക്ക് എത്തിയതിനു ശേഷം 2540 ഡോളർ വരെ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വില വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും എച്ച്.യു.ഐഡി നിരക്കും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62850 രൂപയെങ്കിലും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.