ഓൺലൈൻ ഷോപ്പിങ്ങിന് ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ആവശ്യമില്ല; പുതിയ സംവിധാനം ജനുവരി ഒന്ന് മുതൽ
text_fieldsക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഓൺലൈൻ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു. ഉപയോക്താക്കളുടെ 16 അക്ക കാർഡ് നമ്പർ സി.വി.വി ഉൾപ്പടെയുള്ള വിവരങ്ങൾ എന്നിവ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ ശേഖരിക്കുന്നത് തടഞ്ഞ് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പുതിയ സാങ്കേതിക വിദ്യയാണ് ആർ.ബി.ഐ അടുത്ത വർഷം അവതരിപ്പിക്കുന്നത്.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ഷോപ്പ് ചെയ്യാനുമെല്ലാം ഓരോ തവണയും ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിന് പകരം കാർഡ് വിവരങ്ങളെ യുണിക് ടോക്കണാക്കി മാറ്റി ഷോപ്പ് ചെയ്യാനുള്ള അവസരമൊരുക്കുകയാണ് പുതിയ സംവിധാനത്തിൽ. ടോക്കനൈസേഷൻ എന്ന പേരിലാണ് ആർ.ബി.ഐ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
ടോക്കണസേഷൻ നിലവിൽ വരുന്നതോടെ ഓൺലൈൻ പോർട്ടലുകളിലും ട്രാവൽ വെബ്സെറ്റുകളിലുമെല്ലാം കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്ന അവസ്ഥക്ക് മാറ്റം വരും. പുതിയ സാങ്കേതികവിദ്യ നടപ്പിലാവുന്നതോടെ വെബ്സൈറ്റിൽ ഷോപ്പ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ ടോക്കനൈസേഷൻ സെലക്ട് ചെയ്യാം. ഈ സംവിധാനം തെരഞ്ഞെടുത്താൽ ബാങ്കിന്‍റെ വെബ്സൈറ്റിലേക്ക് പോവുകയും ആവശ്യമായ വിവരങ്ങൾ നൽകി ടോക്കൺ എടുക്കുകയും ചെയ്യാം. പിന്നീട് ഈ ടോക്കൺ ഉപയോഗിച്ച് വെബ്സൈറ്റിൽ ഷോപ്പ് ചെയ്യാം.
ഉദാഹരണമായി ആമസോണിൽ ഷോപ്പ് ചെയ്യാനായി നിങ്ങൾ ഒരു ടോക്കൺ ഉണ്ടാക്കിയാൽ ആ ടോക്കൺ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും സൈറ്റിൽ ഷോപ്പ് ചെയ്യാം. ഇത്തത്തിൽ മറ്റ് വെബ്സൈറ്റുകൾക്ക് വേണ്ടിയും ടോക്കൺ ഉണ്ടാക്കാം. ആവശ്യമില്ലെങ്കിൽ ടോക്കൺ ഒഴിവാക്കുകയും ചെയ്യാം. പുതിയ സേവനം പൂർണമായി സൗജന്യമായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ഉപയോക്താക്കളുടെ കാർഡ് വിവരങ്ങൾ ചോരുന്നുവെന്ന പരാതികൾക്കിടെയാണ് ഇത് തടയാൻ ആർ.ബി.ഐ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.