ഗൾഫ് മേഖല രണ്ടാംഘട്ട വികസനക്കുതിപ്പിലേക്ക് -ഡോ. രവി പിള്ള
text_fieldsപ്രവാസി വ്യവസായികളിൽ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. ജീവകാരുണ്യരംഗത്തും സാമൂഹിക മേഖലയിലുമെല്ലാം സജീവ സാന്നിധ്യം. ഏറ്റവും വലിയ തൊഴിൽ ദാതാക്കളിലൊരാൾ. ഫോർബ്സിന്റെ 2024ലെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ 991 ആണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യയിലെ സമ്പന്നരിൽ 69 ാം സ്ഥാനവും അദ്ദേഹത്തിനാണ്. നാസർ എസ് അൽ ഹജ് രി കോർപറേഷൻ (എൻ.എസ്.എച്ച്) എന്ന സ്ഥാപനമാരംഭിച്ച് ഗൾഫിൽ ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഇന്ന് ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ആർ.പി ഗ്രൂപ് എന്ന ബൃഹദ് ബിസിനസ് സാമ്രാജ്യത്തിനുടമയാണ്. ഒരു ലക്ഷത്തിലധികം പേർ ഇന്ന് ആർ.പി ഗ്രൂപ്പിൽ ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ പരിഗണിച്ച് ഇന്ത്യ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഗൾഫ് മാധ്യമം 25 ാം വാർഷികം ആചരിക്കുന്ന വേളയിൽ അദ്ദേഹം തന്റെ വിപുലമായ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ബിസിനസ് ലോകത്തെ പുതിയ പ്രവണതകളെപ്പറ്റി സംസാരിക്കുന്നു.
കോവിഡ് മഹാമാരിക്കുശേഷം ലോകമെമ്പാടും സാമ്പത്തികമേഖലയിൽ തിരിച്ചടിയുണ്ടായെന്നത് വസ്തുതയാണ്. എന്നാൽ, ലോകം അതിനെ പടിപടിയായി അതിജീവിക്കുന്നതാണ് നാം കണ്ടത്. കോവിഡ് സാമ്പത്തികരംഗത്ത് സൃഷ്ടിച്ച പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സമർഥമായി നേരിട്ടത് ഒരുപക്ഷേ ഗൾഫ് രാജ്യങ്ങളായിരിക്കും. ജി.സി.സി രാജ്യങ്ങളെല്ലാം വലിയ സാമ്പത്തിക മുന്നേറ്റത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിയം നിക്ഷേപം കണ്ടെത്തിയ കാലത്ത് ഗൾഫ് രാജ്യങ്ങൾ കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തിനു സമാനമായ വളർച്ചയാണ്, രണ്ടാം ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്.
ബാപ്കോ വികസനം ബഹ്റൈനിന്റെ മുഖച്ഛായ മാറ്റും
ബഹ്റൈനിൽ ബാപ്കോ നവീകരണപദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. എൻ. എസ്.എച്ചാണ് ഈ പ്രവൃത്തികൾ ചെയ്യുന്നത്. ഈ വർഷം തന്നെ ബാപ്കോ നവീകരണ പദ്ധതി കമീഷൻ ചെയ്യും. 16,000 തൊഴിലാളികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പദ്ധതി പൂർത്തീകരിക്കുന്നതോടെ രാജ്യത്തിന്റെ വരുമാനത്തിൽ വലിയ വളർച്ചയുണ്ടാകും. ആൽബ (അലുമിയം ബഹ്റൈൻ) യുടെ വികസനപദ്ധതികൾ 2025-26 കാലയളവിലുണ്ടാകും. ബഹ്റൈനിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇക്കാര്യങ്ങളിലൊക്കെ ചടുലമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുകയാണ്. വരും വർഷങ്ങളിൽ ഇതിന്റെയൊക്കെ നല്ല ഫലങ്ങൾ ദർശിക്കാനാകും. ഇതര ജി.സി. സി രാജ്യങ്ങളുമായുള്ള സഹകരണവും ബഹ്റൈന് ഗുണകരമാണ്. സ്വദേശികൾ ധാരാളമായി തൊഴിൽ രംഗത്തുള്ള രാജ്യം കൂടിയാണ് ബഹ്റൈൻ.
ജി.സി.സിയിൽ ഓയിൽ മേഖലയിൽ വൻ പദ്ധതികൾ
എല്ലാ ജി.സി.സി രാജ്യങ്ങളിലും വലിയ വികസനപദ്ധതികൾ ശരവേഗത്തിൽ പുരോഗമിക്കുകയാണ്. സൗദിയിൽ ഓയിൽ മേഖലയിൽ ബില്യൺ ഡോളർ പദ്ധതിയുടെ കരാർ എൻ. എസ്. എച്ച് ഒപ്പിട്ടുകഴിഞ്ഞു. ഖത്തറിൽ എൽ.എൻ.ജി പദ്ധതി ഞങ്ങൾ ചെയ്യുകയാണ്. യു.എ.ഇയിലും അടുത്ത വർഷം ആദ്യം എൽ.എൻ.ജി പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിക്കും. എൻജിനീയർമാരും സ്കിൽഡ് വർക്കേഴ്സുമടക്കം 75,000 പേരെ ഓയിൽ മേഖലയിൽ മാത്രമായി അടുത്ത വർഷം റിക്രൂട്ട് ചെയ്യും. മലയാളികൾക്കടക്കം വലിയ തൊഴിൽ സാധ്യതയാണ് ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. കേരളത്തിലെ യുവ എൻജിനീയർമാരെ കാത്ത് വലിയ തൊഴിൽ സാധ്യതയാണ് നിലനിൽക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം
ഗൾഫ് രാജ്യങ്ങളിലെല്ലാം നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. എല്ലാ രാജ്യങ്ങളും നിക്ഷേപകരെ ക്ഷണിക്കുകയാണ്. മുമ്പുണ്ടായിരുന്ന വ്യവസ്ഥകൾ പോലും ഈ രാജ്യങ്ങൾ മാറ്റിക്കഴിഞ്ഞു. ഇപ്പോൾ വിദേശികൾക്ക് സ്വന്തമായും പാർട്ണർഷിപ്പിലും വ്യവസായങ്ങൾ നടത്താൻ കഴിയും. മാത്രമല്ല ബിസിനസുകാർക്ക് 10, 15 വർഷം കാലാവധിയുള്ള വിസയും അനുവദിക്കുന്നു. ജി.സി.സി രാജ്യങ്ങളെല്ലാം ഒറ്റ വിസയിൽ സന്ദർശിക്കാൻ അനുവാദം നൽകുന്ന പുതിയ ഷെങ്കൻ മോഡൽ വിസയും ബിസിനസുകാർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യും.
യു.എ.ഇയിൽ 100 നിലകളുള്ള ബൃഹദ് കെട്ടിടം വരുന്നു
യു.എ.ഇയിൽ 100 നിലകളുള്ള ബിൽഡിങ്ങാണ് ഞങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. ബുർജ് ഖലീഫയോട് കിടപിടിക്കുന്ന മറ്റൊരു ബൃഹദ് കെട്ടിടം കൂടി യു.എ.ഇക്ക് സ്വന്തമാകാൻ പോകുന്നു എന്നർഥം. 1400 ഫ്ലാറ്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടാകും. ഓരോ ഫ്ലാറ്റിനും ഇരു നിലകളുണ്ടായിരിക്കും വിധം മനോഹരമായ നിർമിതിയായിരിക്കും ഇത്. മൂന്ന് ബില്യൺ ദിർഹത്തിന്റെ പ്രോജക്ടാണിത്. ഈ പദ്ധതി ഉടനെ തുടങ്ങും.
എണ്ണയിതര മേഖലയിലും ജി.സി.സി രാജ്യങ്ങൾ മുന്നോട്ട്
ലോകത്തിന് മുഴുവൻ ഊർജം പ്രദാനം ചെയ്യുന്ന ജി.സി.സി രാജ്യങ്ങൾക്ക് ലോക സാമ്പത്തിക മേഖലയിൽ വലിയ പ്രാധാന്യമുണ്ട്. ഊർജ മേഖലയിൽ മാത്രമല്ല, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഐ.ടി ഉൾപ്പെടെ മറ്റെല്ലാ ആധുനിക മേഖലയിലും വലിയ ചുവടുവെപ്പുകൾ നടത്തി സാമ്പത്തികമേഖലയെ നവീകരിക്കാനും മത്സരാധിഷ്ഠിതമായി നിലനിർത്താനും ഗൾഫ് രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക സമ്പദ് വ്യവസ്ഥയിൽ നിർണായക ശക്തിയായി മേഖല നിലനിൽക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
എൻ.എസ്.എച്ച് സാംസങ്ങിന്റെ വ്യാപാര പങ്കാളി
ഇലക്ടോണിക്സ് മേഖലയിൽ ലോകത്തെ ഒന്നാം നമ്പറായ സാംസങ്ങുമായി വിതരണരംഗത്ത് എൻ.എസ്.എച്ചിന് പത്തുവർഷത്തെ ദീർഘകാല കരാറുണ്ട്. കമ്പനിയുടെ ഗുഡ്വിൽ ആണ് ഇത്തരമൊരു ദീർഘകാല കരാറിലേർപ്പെടാൻ സാംസങ്ങിനെ പ്രേരിപ്പിച്ചത്. ഈ വ്യാപാരബന്ധം തന്നെ ഞങ്ങൾക്കു ലഭിച്ച അംഗീകാരമാണ്. സാംസങ്ങിന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളിക്കുള്ള അവാർഡും എൻ.എസ്.എച്ചിന് കഴിഞ്ഞവർഷം ലഭിച്ചു. മാലദ്വീപിലും ആസ്ട്രേലിയയിലുമൊക്കെ എൻ.എസ്.എച്ചിന് നിലവിൽ പ്രോജക്ടുകളുണ്ട്.
ഹോട്ടൽ വ്യവസായത്തിന് വൻ സാധ്യത
ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇന്ത്യയിൽ വൻ സാധ്യതകളാണുള്ളത്. യാത്ര ചെയ്യാനും അവധിക്കാലം ആഘോഷിക്കാനുമൊക്കെ ഇതര വികസിത രാജ്യക്കാരെപ്പോലെ ഇന്ത്യക്കാരും സമയം കണ്ടെത്തുന്നു. ഇന്ത്യ സാമ്പത്തികമായി വികസിക്കുന്നതോടൊപ്പം ഈ വിപണിയും വളർന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടേയും വിദേശ ടൂറിസ്റ്റുകളുടേയും എണ്ണത്തിൽ എല്ലാ വർഷവും വർധനവുണ്ട്. ഇത് മാത്രമല്ല വെഡ്ഡിങ് ടൂറിസത്തിനും വലിയ വളർച്ചയുണ്ട്. നോർത്ത് ഇന്ത്യയിലെ പ്രമുഖ കുടുംബങ്ങൾ വെഡ്ഡിങ് വേദിയായി കേരളമുൾപ്പെടെ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുന്നു. അതൊക്കെ പ്രതീക്ഷ നൽകുന്നതാണ്.
കേരളത്തിലെ സാധ്യതകൾ
ടൂറിസം, ഐ.ടി, ഫാഷൻ എന്നീ മേഖലകളിലെല്ലാം ഇനിയും വലിയ സാധ്യതകൾ കേരളത്തിനുണ്ട്. മനുഷ്യവിഭവശേഷിയുടെ കാര്യത്തിൽ മുന്നിലാണ് കേരളം. ഈ സാധ്യതകളെ സമർഥമായി ഉപയോഗിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. ആരോഗ്യം, സൗന്ദര്യം എന്നീ കാര്യങ്ങളിൽ പുതിയ തലമുറ വലിയ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് വലിയ സാധ്യതകൾ നമ്മെ കാത്തുകിടക്കുന്നു.
യുവ നിക്ഷേപകരോട്
ഏത് പ്രോജക്ടുകളെപ്പറ്റിയും നന്നായി പഠിച്ചതിനുശേഷം മാത്രം നിക്ഷേപം നടത്തുക എന്നാണ് യുവ നിക്ഷേപകരോട് പറയാനുള്ളത്. കേവലം പ്രോജക്ട് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാകരുത് പദ്ധതികൾ. സ്വന്തമായി പഠിച്ചതിനുശേഷം മാത്രം ബിസിനസ് തുടങ്ങുക. മാറുന്ന ലോകത്തിനനുസരിച്ചായിരിക്കണം ബിസിനസ് പ്ലാൻ ചെയ്യേണ്ടത്. പത്തുവർഷക്കാലയളവ് മുന്നിൽ കണ്ടുകൊണ്ട് അന്നും നിലനിൽക്കുന്ന സംരംഭങ്ങളിലേർപ്പെടുക. നന്നായി അറിയാവുന്ന സ്ഥലത്തായിരിക്കണം ബിസിനസ് തുടങ്ങേണ്ടത്. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തിയാൽ വിജയം നമ്മെ തേടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.