ജീവനക്കാർക്ക് രണ്ട് പി.എഫ് അക്കൗണ്ട്; നികുതി ഈടാക്കാൻ പുതിയ ക്രമീകരണവുമായി ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിലേക്ക് പ്രതിവർഷം 2.50 ലക്ഷം രൂപയിൽ അധികം തുക അടക്കുന്നവരിൽനിന്ന് നികുതി ഈടാക്കുന്നതിന് പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം. ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് രണ്ടായി വിഭജിച്ചു കൊണ്ട് നികുതി കണക്കാക്കാൻ ആദായ നികുതി ചട്ടങ്ങൾ ഭേദഗതി ചെയ്ത് ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.
പി.എഫിലേക്ക് അടക്കുന്ന തുകയും പലിശയും നികുതി രഹിതമാണ്. എന്നാൽ രണ്ടര ലക്ഷത്തിൽ കൂടുതലാണ് വിഹിതമെങ്കിൽ അതിെൻറ പലിശക്ക് നികുതി ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് 2021-22 സാമ്പത്തിക വർഷം മുതൽ നികുതി ഈടാക്കാൻ പാകത്തിൽ അക്കൗണ്ട് വിഭജിക്കുന്ന നടപടി കൊണ്ടുവന്നത്. പ്രതിമാസം ശരാശരി 21,000 രൂപയിൽ താഴെ മാത്രം പി.എഫിലേക്ക് തൊഴിലാളി, തൊഴിലുടമ വിഹിതമായി അടക്കുന്ന ജീവനക്കാർക്ക് അക്കൗണ്ട് വിഭജനം ബാധകമല്ല.
എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും തൊഴിലുടമക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് അക്കൗണ്ട് വിഭജന രീതി. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ വരുന്ന തുകയും പലിശയും രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റി പലിശ നികുതി വിധേയമാക്കുകയാണ് ചെയ്യുന്നത്. നികുതി ഇ.പി.എഫ്.ഒ പിടിച്ച് സർക്കാറിലേക്ക് നൽകും. ഇത് ടി.ഡി.എസിൽ കാണിക്കുകയാണോ, ഇ.പി.എഫ്.ഒ നികുതി ഈടാക്കിയ സർട്ടിഫിക്കറ്റ് ജീവനക്കാരന് നൽകുകയാണോ ചെയ്യുന്നതെന്ന് വിജ്ഞാപനം വ്യക്തമാക്കിയിട്ടില്ല.
2021 മാർച്ച് 31ന് പി.എഫ് അക്കൗണ്ടിലുള്ള വാർഷിക വിഹിതം രണ്ടര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അക്കൗണ്ട് വിഭജനം നടത്തും. തുടർന്ന് ഈ അക്കൗണ്ടിലേക്ക് വരുന്ന തുകക്കും പലിശക്കും ജീവനക്കാർ നികുതി നൽകേണ്ടി വരും. രാജ്യത്ത് ആകെ 24.77 കോടി ഇ.പി.എഫ് അക്കൗണ്ടുകളുണ്ട്. 2020 മാർച്ച് 31 വരെ ഇതിൽ14.36 കോടി പേർക്ക് സവിശേഷ അക്കൗണ്ട് നമ്പർ (യു.എ.എൻ) നൽകിയിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം ഇതിൽ അഞ്ചു കോടിയോളം പേർ വിഹിതം അടച്ചു പോരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.