യുക്രെയ്ൻ അധിനിവേശം: റഷ്യയുമായുള്ള വ്യാപാരം ടാറ്റ സ്റ്റീൽ അവസാനിപ്പിക്കുന്നു
text_fieldsബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽനിർമാണ കമ്പനിയായ ടാറ്റ സ്റ്റീൽ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നു. യുക്രെയ്ൻ അധിനിവേശം രണ്ടുമാസത്തോട് അടുക്കുന്നതിനിടെയാണ് റഷ്യയുമായി വ്യാപാര ബന്ധം ടാറ്റ അവസാനിപ്പിക്കുന്നത്.
അമേരിക്കയും യൂറോപ്യൻ യൂനിയനുകളും ഉപരോധം ശക്തമാക്കിയതിനു പിന്നാലെ നിരവധി അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിരുന്നു. ടാറ്റ സ്റ്റീലിന് റഷ്യയിൽ പ്രവർത്തനങ്ങളോ, ജീവനക്കാരോ ഇല്ല. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
സ്റ്റീൽ നിർമാണത്തിനായി ടാറ്റ റഷ്യയിൽനിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും ഇന്ത്യ റഷ്യയെ പിണക്കാത്ത നിലപാടാണ് സ്വീകരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്ന യു.എൻ പ്രമേയങ്ങളിൽനിന്ന് ഉൾപ്പെടെ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് റഷ്യയുമായുള്ള വ്യാപാര ബന്ധം ടാറ്റ അവസാനിപ്പിക്കുന്നത്.
നേരത്തെ, രാജ്യത്തെ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസ് റഷ്യയിലെ ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെയും യു.കെയിലെയും നെതർലാൻഡിലെയും ടാറ്റ വ്യവസായ ശാലകൾക്ക് അസംസ്കൃത വസ്ത്തുക്കൾ ലഭ്യമാക്കുന്നതിന് ബദൽ മാർഗങ്ങൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.