കർഷകർക്കും ആരോഗ്യ മേഖലക്കും ബജറ്റിൽ ഊന്നൽ; തെരഞ്ഞെടുപ്പും ലക്ഷ്യം
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ രാജ്യം ഉഴലുന്ന സാഹചര്യത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാറിന്‍റെ ഒമ്പതാം ബജറ്റ് ഊന്നൽ നൽകുന്നത് ആറ് കാര്യങ്ങൾക്ക്. ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവർണമെന്‍റ് മാക്സിമം ഗവേണൻസ് എന്നിവയാണ് ആറ് കാര്യങ്ങൾ.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും കർഷക പ്രതിഷേധവും ധനമന്ത്രിയുടെ പരിഗണനയിലെത്തുമെന്ന നേരത്തെയുളള വിലയിരുത്തലുകൾ ശരിവെച്ചായിരുന്നു ബജറ്റ് അവതരണം. കോവിഡിന്‍റെ മുൻനിര പോരാളികൾക്ക് ആദരമർപ്പിച്ച് തുടങ്ങിയ ബജറ്റവതരണം കാർഷിക മേഖലക്കൊപ്പം ആരോഗ്യ മേഖലക്കും പ്രാധാന്യം നൽകുന്നു. കാർഷിക സെസ് ഏർപ്പെടുത്തിയതാണ് പ്രധാന മാറ്റം. മുൻ വർഷങ്ങളിലെ പോലെ സ്വകാര്യവൽക്കരണത്തിനും ഓഹരി വിൽപനക്കും ബജറ്റ് ഊന്നൽ നൽകുന്നു. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ആരോഗ്യമേഖലക്കുള്ള വിഹിതം ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. 137 ശതമാനമാണ് ആരോഗ്യമേഖലയുടെ വിഹിതത്തിലുണ്ടായ വർധന. ഇതിനൊപ്പം കോവിഡ് വാക്സിനായി 35,000 കോടി മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അടിസ്ഥാന സൗകര്യ വികസനമേഖലയെയാണ് ധനമന്ത്രി കൂട്ടുപിടിക്കുന്നത്. മേഖലക്കായി വലിയ പദ്ധതികൾക്ക് ഇടംനൽകിയിട്ടുണ്ട്. ഡൽഹിയിൽ അതിർത്തിയിൽ തുടരുന്ന കർഷക സമരം തണുപ്പിക്കാനുള്ള ചില പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്. താങ്ങുവില സംബന്ധിച്ച ഉറപ്പും കൂടുതൽ വായ്പകൾ അനുവദിച്ചും കാർഷിക പ്രതിഷേധത്തിന് തണുപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ കണ്ടം ചെയ്യൽ നയവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്.
അധിക വിഭവസമാഹരണത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഓഹരി വിൽപനയേയും വിപണിയിൽ നിന്നുള്ള കടമെടുപ്പുമാണ്. ചുരുക്കം ചില പൊതുമേഖല സ്ഥാപനങ്ങളൊഴിച്ച് മറ്റെല്ലാത്തിേന്റയും ഓഹരികൾ വിൽക്കും. പൊതുവിപണിയിൽ നിന്ന് വലിയ തുക കടമെടുക്കുകയും ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. ഇൻഷൂറൻസ് മേഖലയുടെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
Live Updates
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.