എൽ.ഐ.സിയുടെ അദാനി നിക്ഷേപങ്ങളിൽ പ്രശ്നമില്ലെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: നിക്ഷേപം നടത്തുമ്പോൾ നിയമപരമായ ചട്ടങ്ങൾ തങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി) അറിയിച്ചതായി സർക്കാർ. അദാനി ഗ്രൂപ് കമ്പനികളിലെ എൽ.ഐ.സിയുടെ നിക്ഷേപത്തെക്കുറിച്ച് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ഇക്കാര്യം അറിയിച്ചത്.
അദാനി കമ്പനികളിൽ 35,917.31 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും 41.66 ലക്ഷം കോടി രൂപയിലധികം കൈകാര്യം ചെയ്യുന്ന തങ്ങളുടെ മൊത്തം ആസ്തിയുടെ 0.975 ശതമാനം മാത്രമാണിതെന്നും ഈയിടെ സർക്കാർ ഉടമസ്ഥതയിലുള്ള എൽ.ഐ.സി വ്യക്തമാക്കിയിരുന്നു.
അദാനി കമ്പനികളുടെ ഓഹരികൾ പലവർഷങ്ങളിലായി 30,127 കോടി രൂപക്കാണ് വാങ്ങിയത്. ജനുവരി 27ന് വിപണി സമയം അവസാനിക്കുമ്പോൾ അതിന്റെ മൂല്യം 56,142 കോടി രൂപയായി വർധിച്ചു. എൽ.ഐ.സിയുടെ എല്ലാ നിക്ഷേപങ്ങളും 1938ലെ ഇൻഷുറൻസ് നിയമത്തിന്റെയും 2016ലെ ഐ.ആർ.ഡി.എ.ഐ നിക്ഷേപ നിയന്ത്രണ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. എൽ.ഐ.സിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുടെ സൈറ്റിൽ ലഭ്യമാണെന്നും ബി.ജെ.പി അംഗം സുശീൽ കുമാർ മോദിയുടെ ചോദ്യത്തിനു മറുപടിയായി ധനകാര്യ സഹമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.