സ്വപ്നങ്ങൾ കണ്ട് സ്വപ്നങ്ങൾക്കുമപ്പുറമെത്തിയ ഊരാളുങ്കൽ
text_fieldsശതാബ്ദി ആഘോഷിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
? പിന്നിട്ട നാളുകളിലെ നിരവധി നേട്ടങ്ങൾ നിരത്തിയാണ് യു.എൽ.സി.സി.എസ് നൂറാം വാർഷികം ആഘോഷിക്കുന്നത്. എത്തിപ്പിടിക്കണമെന്ന് ആഗ്രഹിച്ചിട്ടും കഴിയാതെ പോയ എന്തെങ്കിലും പദ്ധതികൾ
= ഞങ്ങൾ സ്വപ്നം കണ്ടതിനപ്പുറത്തേക്ക് എത്തി എന്നതാണ് അതിന് ഒറ്റവാക്കിലുള്ള ഉത്തരം. വിവിധ മേഖലകളിലുള്ള 18,000ത്തോളം അർപ്പണബോധമുള്ള തൊഴിലാളികളെ ഏറ്റവും മികച്ച സ്കിൽഡ് ലേബേഴ്സായി വളർത്തുകയെന്ന സ്വപ്നവും സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യത്തിനും പുറത്തുള്ളവരെ ആശ്രയിക്കുന്ന സാഹചര്യം ഇല്ലാത്തവിധം സ്വയംപര്യാപ്തമാകണമെന്നതാണ് യു.എൽ.സി.സി.എസിന്റെ നയം. അതിനനുസൃതമായി തൊഴിലാളികൾക്ക് വിഗദ്ധ പരിശീലനം നൽകുന്നുണ്ട്.
നമ്മുടെ രാജ്യത്തുനിന്ന് പഠിച്ച് പുറത്തിറങ്ങുന്നവരുടെ പ്രശ്നം പ്രായോഗിക പരിജ്ഞാനം കുറവാണെന്നതാണ്. എൻജിനീയറിങ് മാത്രമല്ല, കാർഷിക സർവകലാശാലയിൽനിന്ന് പുറത്തിറങ്ങുന്നവർക്കും മണ്ണെന്താണെന്നും കൃഷിയെന്താണെന്നും അറിയാത്ത അവസ്ഥ. യൂറോപ്പിലും ചൈനയിലുമൊക്കെ മൂന്നുവർഷമെങ്കിലും നിർബന്ധിത ഇന്റേൺഷിപ്പിന് ശേഷം പ്രായോഗിക പരിജ്ഞാനം നൽകിയാണ് വിദ്യാർഥികളെ പുറത്തിറക്കുന്നത്. അതിന്റെ ഗുണം അവിടുത്തെ തൊഴിലാളികൾക്കുണ്ട്. അത്തരം സാഹചര്യം സൃഷ്ടിക്കാൻ സഹകരണ മേഖലയിൽ ഒരു സർവകലാശാല എന്ന ആശയം ഞങ്ങൾ മുന്നോട്ട് വെക്കുന്നു.
? അഴിമതി കൊടികുത്തി വാഴുന്ന നിർമാണ മേഖലയിൽ എങ്ങനെയാണ് സുതാര്യ പ്രവർത്തനം സാധ്യമാകുന്നത്
= ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന രീതിയിലുള്ള നയം ഞങ്ങൾക്കില്ല. നമ്മൾ ആദ്യം നന്നാവുക എന്നതാണ് പരമപ്രധാനം. നൂറുശതമാനവും നമ്മൾ ശരിയുടെ പക്ഷത്താണെങ്കിൽ അവിടെ അവിഹിത ഇടപെടൽ നടക്കില്ല എന്നതാണ് അനുഭവം. ഒരു പദ്ധതി, ഉദാഹരണത്തിന് നഗരവികസന പദ്ധതി നടപ്പാക്കുകയാണെങ്കിൽ ആദ്യം അത് ഡിസൈൻ ചെയ്താണ് ഞങ്ങൾ പ്രവൃത്തി തുടങ്ങുന്നത്. പിന്നീട് അത് ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും സമയബന്ധിതമായി പൂർത്തീകരിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ നടക്കില്ല. നമ്മുടെ ദൗർബല്യമാണല്ലോ അഴിമതിക്കാർക്ക് വളമാകുന്നത്. കുറ്റമറ്റ രീതിയിൽ പ്രവൃത്തി നടത്തിയാൽ അതിനവസരമുണ്ടാകില്ല. ഏറെ വിവാദം സൃഷ്ടിച്ച പാലാരിവട്ടം പാലം പണി ഇ. ശ്രീധരൻ ഞങ്ങളെ നേരിട്ട് വിളിച്ച് ഏൽപിച്ചതാണ്. പല വിവാദങ്ങളും നിലനിൽക്കുന്നതിനാൽ അത് ഏറ്റെടുക്കേണ്ടെന്ന് ആദ്യം കരുതിയതായിരുന്നു. പക്ഷേ, ശ്രീധരനെപ്പോലുള്ള ഒരാൾ ഏറ്റെടുക്കണമെന്ന് പറയുമ്പോൾ തിരസ്കരിച്ചില്ല. ഏറ്റവും നന്നായി പൂർത്തീകരിച്ചതിന് അദ്ദേഹം സർട്ടിഫിക്കറ്റ് നൽകിയാണ് ഞങ്ങളെ പറഞ്ഞുവിട്ടത്.
? സോഷ്യൽ ഓഡിറ്റിങ് എന്ന ആശയത്തെക്കുറിച്ച്
= ഞങ്ങൾക്ക് ഞങ്ങളെ പഠിക്കാനാണ് സോഷ്യൽ ഓഡിറ്റിങ്. വെറും കരാറല്ല, കർമമാകണമെന്നതാണ് ഞങ്ങളുടെ നയം. പ്രവൃത്തിയിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ കെടുകാര്യസ്ഥതയോ നടന്നിട്ടുണ്ടോ, പ്രവൃത്തി ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ ജനങ്ങളിൽനിന്നുതന്നെ ഞങ്ങൾക്കറിയണം. ഞങ്ങളുടെ ഓഫിസിൽതന്നെ ആർക്കും കയറി പരിശോധന നടത്താമെന്ന് വെല്ലുവിളിയോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
? പൊതുജനങ്ങളിലും സർക്കാർ സംവിധാനത്തിലും മാറണമെന്ന് ആഗ്രഹിക്കുന്ന മനോഭാവം
= ജനങ്ങളിൽ വിശ്വാസമർപ്പിച്ച് പ്രവർത്തിച്ചാൽ ജനം നമുക്ക് എതിരാകില്ല. ജനങ്ങളുടെ നികുതിപ്പണമാണെന്ന ഓർമയുണ്ടെങ്കിൽ അവരെ സംരക്ഷിക്കണമെന്ന ബോധവുമുണ്ടാകും. ചെറിയ പ്രവൃത്തി മുതൽ വൻ പദ്ധതികളിൽ വരെ ഞങ്ങൾ ആ വിശ്വാസത്തോടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ പ്രവൃത്തി നടത്തിയിടത്തെല്ലാം ജനങ്ങൾ ഞങ്ങളുടെ ഫാൻസായി മാറുകയാണ് ചെയ്തത്. വികസന കാര്യത്തിൽ ജനങ്ങളുടെ മനോഭാവം പാടെ മാറിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുപ്പിലും മറ്റും അവർ ഏറക്കുറെ സംതൃപ്തരാണ്. ദേശീയപാത വികസനത്തിൽ വിപണി വിലയേക്കാൾ കൂടുതലാണ് പലർക്കും ലഭിച്ചത്. നഷ്ടപരിഹാരം കൃത്യസമയത്തുതന്നെ കൊടുക്കാൻ കഴിയണം. അതിന്റെ രാഷ്ട്രീയ തലങ്ങളിലേക്ക് ഇപ്പോൾ ഞാൻ കടക്കാൻ ആഗ്രഹിക്കുന്നില്ല.
ശതാബ്ദിയാഘോഷത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: ഊരാളുങ്കൽ സൊസൈറ്റിയുടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. വടകര മടപ്പള്ളി ജി.വി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലിന് ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. രാജൻ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സാഹിത്യകാരന്മാരായ ടി. പത്മനാഭന്, എം. മുകുന്ദന് എന്നിവർ മുഖ്യാതിഥികളാകും.ഉദ്ഘാടന സമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളജ് ഗ്രൗണ്ടിലും കലാസന്ധ്യയുമുണ്ടാകും. ഉദ്ഘാടന വേദിയിൽ റിമ കല്ലിങ്കൽ നയിക്കുന്ന നൃത്തം, ജി. വേണുഗോപാൽ നയിക്കുന്ന ‘മെലഡി നൈറ്റ്’ എന്നിവ ഒരുക്കിയിട്ടുണ്ട്. മടപ്പള്ളി കോളജ് ഗ്രൗണ്ടിലെ വേദിയിൽ രാത്രി എട്ട് മുതൽ ശിവമണി, സ്റ്റീഫൻ ദേവസ്സി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷനും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.