യു.എസിൽ അതിവേഗം ഇടപാടുകൾ ഏറ്റെടുത്ത് ബിറ്റ്കോയിൻ എ.ടി.എമ്മുകൾ
text_fieldsവാഷിങ്ടൺ: ലോകത്തെ മൊത്തം ബിറ്റ്കോയിൻ എ.ടി.എമ്മുകളിൽ 80 ശതമാനവും സ്വന്തമായുള്ള യു.എസിൽ അവയുടെ പ്രചാരത്തിന് അതിവേഗമെന്ന് റിപ്പോർട്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ക്രിപ്റ്റോകറൻസികൾക്ക് സമ്പൂർണ വിലക്ക് ഏർപെടുത്താൻ നിയമം സജീവ പരിഗണനയിലിരിക്കെയാണ് അമേരിക്കയിൽ ബിറ്റ്കോയിൻ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന, അപൂർവം ഘട്ടങ്ങളിൽ നേരിട്ട് പണമായി മാറ്റാനും സഹായിക്കുന്ന ബിറ്റ്കോയിൻ എ.ടി.എമ്മുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത്. സൗത് കരോലൈന, നോർത് കരോലൈന, മൊണ്ടാന, പെൻസിൽവാനിയ, ന്യൂജേഴ്സി, ന്യൂയോർക് സിറ്റി എന്നിവിടങ്ങളിൽ ഗ്യാസ് സ്റ്റേഷനുകളിലും റസ്റ്റൊറന്റുകളിലും സ്മോക് ഷോപുകളിലുമാണ് പുതുതായി തുടങ്ങിയത്.
യു.എസിൽ മാത്രം ജനുവരിയിലെ കണക്കുകൾ പ്രകാരം 28,185 ബിറ്റ്കോയിൻ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് പറയുന്നു. ഇതിൽ 10,000 ഓളം കഴിഞ്ഞ അഞ്ചു മാസത്തിനിടെ സ്ഥാപിച്ചവയാണ്. കോയിൻ ഫ്ലിപ്, കോയിൻ ക്ലൗഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് എ.ടി.എമ്മുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള കോയിൻ ക്ലൗഡിനു മാത്രം 1,470 എ.ടി.എമ്മുകളുണ്ട്. വർഷാവസാനമാകുന്നതോടെ അവയുടെ എണ്ണം 10,000 ആകുമെന്നാണ് കമ്പനി നൽകുന്ന സൂചന. കോയിൻഫ്ലിപിനു കീഴിൽ കഴിഞ്ഞ വർഷം 420 എ.ടി.എം ആയിരുന്നത് നടപ്പുവർഷം 1,800 ആയിട്ടുണ്ട്. സമാനമാണ് മറ്റൊരു സ്ഥാപനമായ ബിറ്റ്കോയിൻ ഡിപ്പോയുടെ കണക്കുകൾ. ജനറൽ ബൈറ്റ്സ് ആണ് ബിറ്റ്കോയിൻ എ.ടി.എം നിർമാണത്തിൽ മുന്നിലുള്ള കമ്പനി.
ക്രിപ്റ്റോകറൻസി ഇടപാടുകാർ ഓൺലൈൻ ഇടപാട് നിർത്തി എ.ടി.എമ്മിലേക്ക് തിരിയുന്നതിന്‍റെ എണ്ണം കുത്തനെ കൂടുന്നതാണ് എ.ടി.എമ്മുകൾ കുമിള കണക്കെ പുതുതായി രൂപമെടുക്കാൻ കാരണം. മിക്ക എ.ടി.എമ്മുകളും ബിറ്റ്കോയിൻ ഇടപാട് മാത്രമേ അനുവദിക്കുന്നുള്ളൂ എങ്കിലും മറ്റു ക്രിപ്റ്റോകറൻസികൾക്കും ഇടപാട് അനുവദിക്കുന്നവയുണ്ട്. ഡിജിറ്റൽ ഇടപാട് മാത്രമാണ് മിക്ക എ.ടി.എമ്മുകളിലും അനുവദിക്കുന്നത്. പണമായി മാറ്റാനും ചിലയിടങ്ങളിൽ സൗകര്യമുണ്ട്. െമാത്തം ഇടപാടിന്‍റെ അഞ്ചു ശതമാനം മുതൽ 20 ശതമാനം വരെയാണ് ഓരോ ഇടപാടിനും ഫീസ്.
45 ശതമാനം വരെയാണ് പുതിയ എ.ടി.എമ്മുകളുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ടുകൾ പറയുന്നു. യു.എസിൽ അലാസ്ക, വാഷിങ്ടൺ ഡി.സി എന്നിവയിയൊഴികെ എല്ലാ സംസ്ഥാനങ്ങളിലും എ.ടി.എം കിയോസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.