അദാനി കമ്പനികളിലെ എൽ.ഐ.സി ഓഹരി മൂല്യം ഇടിഞ്ഞു
text_fieldsമുംബൈ: അദാനി ഗ്രൂപ്പിലെ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) നിക്ഷേപങ്ങൾ നഷ്ടത്തിലേക്ക്. എൽ.ഐ.സിയുടെ ഓഹരികൾ അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൽ.ഐ.സിയുടെ അദാനി കമ്പനികളിലെ നിക്ഷേപം 35,917 കോടി രൂപ ആയിരുന്നു. ഇതിൽ ഏകദേശം 30,127 കോടി ചെലവഴിച്ചാണ് അദാനി കമ്പനികളുടെ ഓഹരികൾ വാങ്ങിയത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതോടെ എൽ.ഐ.സിയുടെ നിക്ഷേപത്തിനും തിരിച്ചടിയേറ്റു.
കഴിഞ്ഞ ദിവസം അദാനി കമ്പനികളുടെ എൽ.ഐ.സിയുടെ നിക്ഷേപത്തിന്റെ മൂല്യം 30,127 കോടിയിൽ നിന്നും 26,861.9 കോടിയില്‍ എത്തി. വാങ്ങല്‍ മൂല്യത്തേക്കാള്‍ 11 ശതമാനം കുറവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 24ന് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതിന് ശേഷം ജനുവരി 30ന് എല്‍ ഐ സി, അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ ഡിസംബര്‍ അവസാനത്തോടെ ഇക്വിറ്റിക്കും ഡെബ്റ്റിനും കീഴില്‍ 35,917 കോടി രൂപയുണ്ട് എന്ന് പറഞ്ഞിരുന്നു. 2023 ജനുവരി 27 ന് ഇതിന്റെ വിപണി മൂല്യം 56,142 കോടിയാണ് എന്നുമായിരുന്നു ഇതില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വ്യാഴാഴ്ചത്തെ ഇടിവോടെ എല്‍ ഐ സിയുടെ നിക്ഷേപങ്ങളുടെ മൂല്യം നെഗറ്റീവ് ആവുകയായിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എന്റർപ്രൈസസിൽ കൂടുതൽ പണമിറക്കിയ സ്ഥാപനമാണ് എൽ.ഐ.സി. അദാനിയുടെ പ്രധാനപ്പെട്ട കമ്പനികളിലെല്ലാം എൽ.ഐ.സിക്ക് നിക്ഷേപമുണ്ട്. മറ്റ് ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയുമാണ് എൽ.ഐ.സി.
ജനുവരി 30 മുതല്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ എല്‍ ഐ സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍, എല്‍ ഐ സിക്ക് 4,81,74,654 ഓഹരികള്‍ ആണ് ഉള്ളത്. അദാനി പോര്‍ട്ട്‌സിൽ 9.14% , അദാനി ട്രാന്‍സ്മിഷനില്‍ 3.65% , അദാനി ഗ്രീനില്‍ 1.28% ഓഹരിയും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.96% ഓഹരി എന്നിങ്ങനെയാണ് പ്രമുഖ അദാനി കമ്പനികളുടെ നിക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.